സാൻ ഫെർണാണ്ടോ: സെമികൾ പലത് തോറ്റു പുറത്താകുന്ന ചരിത്രം തിരുത്തിക്കുറിച്ച് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം. ഐസിസി 2024 ട്വന്റി-20 ലോകകപ്പ് സെമി ഫൈനലിൽ അഫ്ഗാനിസ്ഥാനെ ഒന്‍പതു വിക്കറ്റിനു നിലംപരിശാക്കി ദക്ഷിണാഫ്രിക്ക കിരീട പോരാട്ടത്തിനു യോഗ്യത സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കയുടെ ചരിത്ര ഫൈനൽ പ്രവേശം. ന്യൂസിലൻഡ്, ഓസ്ട്രേലിയ, ബംഗ്ലാദേശ് ടീമുകളെ തകർത്തെത്തിയ അഫ്ഗാനിസ്ഥാന് ദക്ഷിണാഫ്രിക്കയുടെ മുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ വെറും 11.5 ഓവറിൽ 56നു പുറത്ത്. മറുപടിക്കിറങ്ങിയ പ്രോട്ടീസ് 8.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 60 റണ്‍സ് നേടി ജയം സ്വന്തമാക്കി. ക്വിന്റണ്‍ ഡികോക്കിന്റെ (5) വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടപ്പെട്ടത്. റീസ ഹെൻഡ്രിക്സ് (25 പന്തിൽ 29), ക്യാപ്റ്റൻ എയ്ഡൻ മാർക്രം (21 പന്തിൽ 23) എന്നിവർ പുറത്താകാതെനിന്നു.
59: അഫ്ഗാനു നാണക്കേട്
ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനൽ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോർ എന്ന നാണക്കേടിലും അഫ്ഗാനിസ്ഥാൻ എത്തി. 2014ൽ ബംഗ്ലാദേശിനെതിരേ 72 റണ്‍സിനു പുറത്തായതായിരുന്നു ഇതിനു മുന്‍പ് അഫ്ഗാനിസ്ഥാന്റെ ഏറ്റവും ചെറിയ സ്കോർ. 67 പന്ത് ബാക്കിനിൽക്കേയായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. പന്ത് ബാക്കിവച്ചുള്ള കണക്കിൽ പ്രോട്ടീസിന്റെ ഏറ്റവും വലിയ ജയമാണിത്.
മൂന്ന് ഓവറിൽ 16 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കയുടെ മാർക്കൊ യാൻസനാണ് പ്ലെയർ ഓഫ് ദ മാച്ച്. തബ്രായിസ് ഷംസി (3/6), ആൻറിച്ച് നോർക്കിയ (2/7), കഗിസൊ റബാദ ( 2/14) എന്നിവരും ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി മിന്നും ബൗളിംഗ് കാഴ്ചവച്ചു.