ബാര്‍ബഡോസ്: ചുഴലിക്കൊടുങ്കാറ്റിനെത്തുടർന്ന് കരീബിയന്‍ ദ്വീപായ ബാര്‍ബഡോസില്‍ കുടുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് ഇന്ത്യയിലേക്ക് തിരിക്കും. ബിസിസിഐ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തിലായിരിക്കും യാത്ര. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീം ഇന്നലെ പുലര്‍ച്ചെ ഇന്ത്യയിലേക്ക് മടങ്ങേണ്ടതായിരുന്നു.
എന്നാല്‍, ബെറില്‍ ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടച്ചതോടെ യാത്ര മാറ്റിവയ്ക്കേണ്ടിവന്നു. ഇതേത്തുടർന്നു താരങ്ങളും കുടുംബാംഗങ്ങളും ഹോട്ടലില്‍ത്തന്നെ കഴിയുകയായിരുന്നു. നാളെ വൈകുന്നേരം 7.45ന് ഇന്ത്യന്‍ സംഘം ഡല്‍ഹിയില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബിസിസിഐ സെക്രട്ടറി ജയ് ഷായും ഉന്നതരും ഇന്ത്യന്‍ ടീമിനൊപ്പം ബാര്ബഡോസിലുണ്ട്. ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ചതോടെ മൂന്ന് ദിവസമായി ലോക്ക്ഡൗണ്‍ പ്രതീതിയായിരുന്നു കരീബിയന്‍ ദ്വീപിലുണ്ടായിരുന്നത്. ബാര്‍ബഡോസിലെ വൈദ്യുതിയും കുടിവെള്ള വിതരണവും മുടങ്ങിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ച നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ചാണ് ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയത്. കപ്പുമായി വരുന്ന ടീമിനെ വരവേൽക്കാൻ രാജ്യം കാത്തിരിക്കുകയാണ്.