ന്യൂഡൽഹി: ഐസിസി ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. അഹമ്മദാബാദിൽ വച്ചാണ് പ്രഖ്യാപനം നടത്തുക. ടീം സെലക്ഷൻ മീറ്റിംഗിൽ രണ്ടാം വിക്കറ്റ്കീപ്പറായി ആര്, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ കാര്യം എന്നിവയാകും പരിഗണിക്കുക.
ടീമുകളെ പ്രഖ്യാപിക്കേണ്ട അവസാന തീയതി മേയ് ഒന്നാണ്. ലോകകപ്പ് ടീമിലേക്കുള്ള പരിഗണനയിൽ ഐപിഎല്ലിലെ ഫോം വലുതായി പരിഗണിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രകടനമാകും വിലയിരുത്തുക. ഐപിഎല്ലിൽ മികവ് തെളിയിച്ച മായങ്ക് യാദവിന്റെ പേസും കൃത്യതയിലും ടീം മാനേജ്മെന്റും സെലക്ടർമാരും താത്പര്യം കാണിച്ചിരുന്നു. എന്നാൽ, പരിക്ക് ഭേദമായി തിരിച്ചെത്താതിനാൽ സാധ്യതകൾ തടഞ്ഞിരിക്കുകയാണ്.
ഹാർദിക് പാണ്ഡ്യക്ക് അവസരം കിട്ടുമോ?
ഹാർദിക് പാണ്ഡ്യയുടെ ബൗളിംഗ് ഫിറ്റ്നസിൽ ഇപ്പോഴും സെലക്ടർമാക്കു പൂർണ വിശ്വാസത്തിലെത്താനായിട്ടില്ല. മീഡിയം പേസറും മധ്യനിര ബാറ്ററുമായ പാണ്ഡ്യ ഇന്ത്യൻ ടീമിന്, പൂർണ ആരോഗ്യവാനാണെങ്കിൽ മുതൽക്കൂട്ടായിരുന്നു. എന്നാൽ, ഐപിഎലിൽ പാണ്ഡ്യക്കു രണ്ട് ഓവറിൽ കൂടുതൽ പന്തെറിയാനായിട്ടില്ല.
ശിവം ദുബെ, റിങ്കു സിംഗ്
ലോകകപ്പ് ടീമിലേക്കു തന്നെ പരിഗണിക്കാതിരിക്കാനാവില്ലെന്നു വ്യക്തമാക്കുന്ന പ്രകടനമാണു ശിവം ദുബെ നടത്തുന്നത്. ഇത്തവണ ഐപിഎല്ലിൽ റിങ്കു സിംഗിന് കൂടുതൽ അവസരം ലഭിക്കുന്നില്ലെങ്കിലും മികച്ച പ്രകടനമാണു കാഴ്ചവച്ചിട്ടുള്ളത്.
ദുബെയ്ക്കും റിങ്കുവിനും ടീമിലേക്കു വിളി ലഭിച്ചാൽ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറെയോ ബാക്ക് അപ്പ് ബൗളറെയോ വേണ്ടെന്നു വയ്ക്കേണ്ടിവരും. ബാറ്റിംഗിൽ ഫോമിലാണെങ്കിലും ബൗൾ ചെയ്യാത്തത് ദുബെയ്ക്കു ഒരു വെല്ലുവിളിയാണ്. ഓൾറൗണ്ടറായ ദുബെ ഇംപാക്ട് പ്ലെയറായാണു കളത്തിലെത്തുന്നത്.
ഐപിഎല്ലിൽ ഇംപാട്ക് പ്ലെയർ നിയമമുള്ളതിനാൽ ഓൾറൗണ്ടർമാർക്കും ബൗൾ ചെയ്യേണ്ടതായിവരുന്നില്ല. ഹാർദിക് പാണ്ഡ്യ ബാറ്റിംഗും ബൗളിംഗും ചെയ്യുന്നുണ്ട്. ദുബെയെ സീം ബൗളിംഗ് ഓൾറൗണ്ടറായി തെരഞ്ഞെടുക്കാൻ സെലക്ടർമാർ ആഗ്രഹിച്ചാലും, അദ്ദേഹത്തിന്റെ ബൗളിംഗ് വിലയിരുത്താൻ അവർക്ക് അവസരം ലഭിക്കുന്നില്ല.
സ്പിന്നർമാർ
സ്പിൻ ഓൾറൗണ്ടർമാരുടെ പോരാട്ടത്തിൽ രവീന്ദ്ര ജഡേജയ്ക്കാണ് അക്ഷർ പട്ടേലിനെക്കാൾ മുൻഗണന. ബാക്ക് അപ്പ് സ്പിന്നറായി പട്ടേൽ ടീമിലെത്തിയേക്കും. മറ്റൊരു സ്പിന്നറായ കുൽദീപ് യാദവും ടീമിൽ ഇടംനേടിയേക്കും.
പേസ് നിര
മുഹമ്മദ് ഷമിക്ക് പരിക്കേറ്റതിനെത്തുടർന്ന് പേസ് ബൗളിംഗിനു ജസ്പ്രീത് ബുംറയ്ക്ക് ഒത്ത പങ്കാളിയില്ലാത്തതാണ് ഇന്ത്യയെ ബുദ്ധിമുട്ടിക്കുന്നത്. അർഷ്ദീപ് സിംഗിനെ പരിഗണിക്കാമെങ്കിലും ഐപിഎല്ലിൽ ഡെത്ത് ഓവറുകളിൽ മികവ് പുലർത്തുന്നില്ല. അടുത്ത സ്ഥാനത്തിനായി ആവേശ് ഖാനും മുഹമ്മദ് സിറാജും തമ്മിലുള്ള മത്സരമാകും ഉണ്ടാകുക.
വിക്കറ്റ് കീപ്പറായി സഞ്ജു എത്തുമോ?
2022 ഡിസംബറിലെ വാഹനാപകടത്തെത്തുടർന്ന് ക്രിക്കറ്റിൽനിന്നു വിട്ടുനിന്ന ഋഷഭ് പന്തിന്റെ ഫിറ്റ്നസ് തെളിയിക്കാൻ ഐപിഎൽ സഹായിച്ചു. എന്നിരുന്നാലും ടോപ് ഓർഡർ ബാറ്റർമാർക്കുശേഷം സ്പിന്നിനെതിരേ നന്നായി കളിക്കുന്ന ഒരു ബാറ്ററിന്റെ ആവശ്യമുണ്ട്. ഇതിനാൽ സഞ്ജു സാംസണിന് വിക്കറ്റ് കീപ്പറായി സ്ഥാനം ലഭിച്ചേക്കും .
എന്നാൽ സഞ്ജുവിന് വെല്ലുവിളിയായി കെ.എൽ. രാഹുലുണ്ട്. ഐപിഎലിൽ സഞ്ജു ആദ്യമായി സ്ഥിരതയുള്ള പ്രകടനം നടത്തുന്നുണ്ടെങ്കിലും ഒരു ഐപിഎൽ സീസണിന്റെ പേരിൽ ലോകകപ്പ് ടീമിലേക്കു പരിഗണിക്കാനുള്ള സാധ്യതയും കുറവാണ്. എന്നാൽ രാഹുലിന് ട്വന്റി 20 ക്രിക്കറ്റിനോട് പുലർത്തുന്ന സമീപനം ടീമിലേക്കുള്ള വഴി തുറന്നേക്കും.
ജിതേഷ് ശർമ മികച്ച ഫോമിലല്ല. ടോപ് ഓഡറിൽ ബാറ്റ് ചെയ്യുന്ന കെ.എൽ. രാഹുലിന് അവിടെ സ്ഥാനമില്ലാതായിരിക്കുകയാണ്. സഞ്ജുവിന് ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൽ ബാറ്റിംഗ് ഓർഡറിൽ ലഭിക്കുന്ന മൂന്നാം നന്പർ കിട്ടില്ല. ടോപ് ഫോറിലുള്ള ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ് ലി, സൂര്യകുമാർ യാദവ് എന്നിവർ ഐപിഎല്ലിനു മുന്പേ സ്ഥാനം ഉറപ്പിച്ചവരാണ്.