ഹൃദയങ്ങളെ ക്രിക്കറ്റിലേക്കു ചേർത്തുവയ്ക്കാൻ പ്രേരിപ്പിച്ച രണ്ട് രാജാക്കന്മാർ രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റിനോട് വിടപറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ സൂപ്പർ ഹീറോസായ വിരാട് കോഹ്ലിയും രോഹിത് ശർമയും ഐസിസി 2024 ലോകകപ്പ് കിരീട നേട്ടത്തോടെ ട്വന്റി-20 ക്രിക്കറ്റിന്റെ രാജ്യാന്തരവേദിയിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സൂപ്പർ ത്രില്ലർ പോരാട്ടത്തിൽ ഏഴു റണ്‍സിനു ജയിച്ചതിനു പിന്നാലെയാണ് രോഹിത്തും കോഹ്ലിയും തങ്ങളുടെ വിരമിക്കൽ പ്രഖ്യാപിച്ചത്.
59 പന്തിൽ 76 റണ്‍സുമായി ഫൈനലിലെ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയ കോഹ്ലി, പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയപ്പോൾ വിരമിക്കൽ പ്രഖ്യാപിച്ചു. ലോകകപ്പ് ട്രോഫി സ്വന്തമാക്കിയശേഷം നടത്തിയ പത്രസമ്മേളനത്തിലായിരുന്നു വിരമിക്കൽ തീരുമാനം രോഹിത് അറിയിച്ചത്.
2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനലിൽ പരാജയപ്പെട്ടശേഷമാണ് ഇരുവരും ദേശീയ ട്വന്റി-20 ജഴ്സിയിലേക്ക് തിരിച്ചെത്തിയതെന്നതും ശ്രദ്ധേയം. 2022 ട്വന്റി-20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് പത്തു വിക്കറ്റിനു പരാജയപ്പെട്ടശേഷം ഇരുവരും രാജ്യാന്തര ട്വന്റി-20യിൽ വനവാസത്തിലായിരുന്നു. തുടർന്ന് 2024 ജനുവരിയിൽ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 പരന്പരയിലൂടെയായിരുന്നു കോഹ്ലിയും രോഹിത്തും ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയത്.
2010 ജൂണ്‍ 12ന് സിംബാബ്വെയ്ക്ക് എതിരേ ഹരാരെയിലായിരുന്നു കോഹ്ലിയുടെ രാജ്യാന്തര ട്വന്റി-20 അരങ്ങേറ്റം. 2007 സെപ്റ്റംബർ 19ന് ഇംഗ്ലണ്ടിനെതിരായ മത്സരം മുതൽ ഇന്ത്യൻ കുട്ടിക്രിക്കറ്റിൽ രോഹിത്തുണ്ട്. 2009 ഫെബ്രുവരി 10ന് ശ്രീലങ്കയ്ക്കെതിരേയായിരുന്നു രവീന്ദ്ര ജഡേജയുടെ ട്വന്റി-20 അരങ്ങേറ്റം.
രോഹിത്തിന്റെ ടീംസ്
2024 ട്വന്റി-20 ലോകകപ്പിൽ രോഹിത്തിനെ ക്യാപ്റ്റനാക്കി ബിസിസിഐ നിലനിർത്തിയതു മുതലാണ് ടീം രൂപീകരണം ആരംഭിച്ചത്. 2023 ഏകദിന ലോകകപ്പ് ഫൈനലിൽ പരാജയപ്പെട്ടശേഷം ലോകകിരീടം നേടാൻ രോഹിത്തിനുള്ള അവസാന അവസരം. അതിനായി രോഹിത് ഏറ്റവും കരുതലോടെ കൂടെക്കൂട്ടിയത് വിരാട് കോഹ്ലിയെയായിരുന്നു.
ലോകകപ്പിൽ ഫൈനൽവരെയുള്ള മത്സരങ്ങളിൽ കോഹ്ലി തികഞ്ഞ പരാജയമായിരുന്നു. എന്നാൽ, രോഹിത് പറഞ്ഞത് ഇത്രമാത്രം, ഫൈനലിൽ കോഹ്ലി കളിക്കും. അതെ, ഫൈനലിൽ കോഹ്ലി കളിച്ചു, കപ്പുമായി രോഹിത്തും കോഹ്ലിയും വിരമിച്ചു. ഇവരുടെ വിരമിക്കലിനു പിന്നാലെ രവീന്ദ്ര ജഡേജയും ട്വന്റി-20 രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞു.
രോഹിത് റിക്കാർഡ്
01: ട്വന്റി-20 രാജ്യാന്തര വേദിയിൽ ഏറ്റവും കൂടുതൽ റണ്‍സ്. 4231 റണ്‍സ് രോഹിത്തിന്റെ പേരിലുണ്ട്. അഞ്ച് സെഞ്ചുറിയും 32 അർധസെഞ്ചുറിയും ഉൾപ്പെടെയാണിത്.
50: രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റിൽ ക്യാപ്റ്റനായി 50 ജയം സ്വന്തമാക്കുന്ന ആദ്യ കളിക്കാരനാണ് രോഹിത് ശർമ. ട്വന്റി-20 ലോകകപ്പ് ഫൈനൽ രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യയുടെ 50-ാം ജയമായിരുന്നു. രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ 63 മത്സരങ്ങൾ കളിച്ചു.
05: രാജ്യാന്തര ട്വന്റി-20യിൽ ഏറ്റവും കൂടുതൽ സെഞ്ചുറി എന്ന റിക്കാർഡ് രോഹിത് ശർമ ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്വെല്ലുമായി പങ്കിടുന്നു. ഇരുവർക്കും അഞ്ച് സെഞ്ചുറി വീതമുണ്ട്.
205: രാജ്യാന്തര ട്വന്റി-20യിൽ ഏറ്റവും കൂടുതൽ സിക്സ് രോഹിത് ശർമയ്ക്ക് അവകാശപ്പെട്ടത്. രോഹിത്തിന്റെ ബാറ്റിൽനിന്ന് 205 സിക്സ് പിറന്നു. സിക്സിൽ ഡബിൾ സെഞ്ചുറി തികച്ച ഏക ബാറ്ററും രോഹിത്താണ്.
159: രാജ്യാന്തര ട്വന്റി-20 കരിയറിൽ ഏറ്റവും കൂടുതൽ റണ്‍സ് എന്നതുപോലെ ഏറ്റവും കൂടുതൽ മത്സരം കളിച്ചതും രോഹിത് ശർമതന്നെ. 159 മത്സരത്തിൽ രോഹിത് ഇറങ്ങി.
കോഹ്ലി റിക്കാർഡ്
02: രാജ്യാന്തര ട്വന്റി-20യിൽ ഏറ്റവും കൂടുതൽ റണ്‍സിൽ രണ്ടാം സ്ഥാനം. 125 മത്സരങ്ങളിൽ ഒരു സെഞ്ചുറിയും 38 അർധസെഞ്ചുറിയും ഉൾപ്പെടെ 4188 റണ്‍സ്.
01: രാജ്യാന്തര ട്വന്റി-20യിൽ അതിവേഗം 3500 റണ്‍സ്. 96 ഇന്നിംഗ്സിൽനിന്നാണ് കോഹ്ലി 3500 കടന്നത്.
16: ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരങ്ങൾ. 16 മത്സരങ്ങളിൽ കോഹ്ലി താരമായി തെരഞ്ഞെടുക്കപ്പെട്ടു.
07: ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദ സീരീസ് അവാർഡും കോഹ്ലിക്ക്. ഏഴ് പരന്പരകളുടെ താരമായി.
50: വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ 50 മത്സരങ്ങളിൽ ഇറങ്ങി. 30 ജയവും 16 തോൽവിയുമായിരുന്നു ഫലം.