ധാക്ക: ത്രിരാഷ്ട്ര ട്വന്റി20 ടൂർണമെന്റിൽ അഫ്ഗാനിസ്ഥാനെതിരെ സിംബാബ്വേയെ വിജയത്തിലേക്ക് നയിച്ച് ഹാമിള്ട്ടണ് മസകഡ്സ ക്രിക്കറ്റിൽ നിന്ന് വിടവാങ്ങി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 19.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ സിംബാബ്വേ ലക്ഷ്യം കണ്ടു. അഫ്ഗാനിസ്ഥാനെതിരെ ട്വന്റി20യില്‍ സിംബാബ്വേ നേടുന്ന ആദ്യ ജയമാണിത്.
42 പന്തില്‍ നിന്ന് നാലു ബൗണ്ടറിയും അഞ്ച് സിക്സും അടക്കം 71 റൺസെടുത്താണ് മസകഡ്സ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. റെഗിസ് ചകാബ്വ(39), ഷോണ്‍ വില്യംസ്(21), ബ്രണ്ടന്‍ ടെയ്ലര്(19) എന്നിവർ മികച്ച പിന്തുണ നൽകി. അഫ്ഗാനായി മുജീബ് ഉര് റഹ്മാന് രണ്ടും സർദാൻ ഒരു വിക്കറ്റും നേടി.
നേരത്തെ, ഓപ്പണർമാരായ റഹ്മാനുള്ള ഗുര്‍ബാസ്(61), ഹസ്രത്തുള്ള സാസായി (31) എന്നിവരാണ് അഫ്ഗാനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ക്രിസ് പോഫു നാലു വിക്കറ്റ് നേടി. പോഫുവാണ് കളിയിലെ താരം.