ബാർബഡോസ്: കന്നി ലോകകപ്പ് ട്രോഫിക്ക് ദക്ഷിണാഫ്രിക്ക, രണ്ടാം ട്വന്റി-20 കിരീടത്തിന് ഇന്ത്യ… ക്രിക്കറ്റ് ലോകത്തിലെ വൻശക്തികളുടെ പോരാട്ടം ആരാധകരുടെ നെഞ്ചിൽ തീപ്പൊരി വിതറും. ഐസിസി 2024 ട്വന്റി-20 ലോകകപ്പിൽ തോൽവിയില്ലാതെ മുന്നേറിയ രണ്ട് ടീമുകളാണ് കലാശപ്പോരിൽ നേർക്കുനേർ ഇറങ്ങുന്നതെന്നതും ഗ്രാൻഡ് ഫിനാലെയ്ക്ക് കൊഴുപ്പുകൂട്ടുന്നു.
ഇന്ത്യൻ സമയം ഇന്നു രാത്രി എട്ടിന് ബാർബഡോസിലെ കെൻസിംഗ്ടണ്‍ ഓവലിലാണ് ഇന്ത്യ x ദക്ഷിണാഫ്രിക്ക ഫൈനൽ. ട്വന്റി-20, ഏകദിന ലോകകപ്പുകളിൽ ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനൽ കളിക്കുന്നത്. മറുവശത്ത് ഇന്ത്യയുടെ മൂന്നാം ട്വന്റി-20 ലോകകപ്പ് ഫൈനലാണ്.
അഫ്ഗാനിസ്ഥാനെ ഒന്‍പതു വിക്കറ്റിനു സെമിയിൽ കീഴടക്കിയാണ് പ്രോട്ടീസിന്റെ ഫൈനൽ പ്രവേശം. സെമിയിൽ നിലവിലെ ചാന്പ്യന്മാരായ ഇംഗ്ലണ്ടിനെ 68 റണ്‍സിന് തകർത്തെറിഞ്ഞ് ഇന്ത്യയും കിരീടപോരാട്ടത്തിനെത്തുന്നു.
എട്ടു പേരുമായി ഇന്ത്യ!
ഈ ലോകകപ്പിൽ ഇന്ത്യ എട്ടു കളിക്കാരുമായാണ് ഫൈനലിൽവരെ എത്തിയതെന്നു പറഞ്ഞാൽ അദ്ഭുതപ്പെടേണ്ട. കാരണം, സെമിവരെയുള്ള മത്സരങ്ങളിലായി പ്ലേയിംഗ് ഇലവനിലെ മൂന്നു കളിക്കാരെക്കൊണ്ട് കാര്യമായ ഫലമുണ്ടായിട്ടില്ല. ഓപ്പണർ വിരാട് കോഹ്ലി, മധ്യനിരയിൽ ശിവം ദുബെ, സ്പിൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിവരാണ് പ്ലേയിംഗ് ഇലവനിൽ തങ്ങളുടെ പെരുമയ്ക്കൊത്ത പ്രകടനം ഇതുവരെ കാഴ്ചവയ്ക്കാൻ സാധിക്കാത്തവർ.
7, 9, 17* എന്നതാണ് ബാറ്റുമായി ക്രീസിലെത്തിയപ്പോൾ രവീന്ദ്ര ജഡേജയുടെ പ്രകടനം. സെമിയിൽ ഇംഗ്ലണ്ടിനെതിരേ ഒന്‍പത് പന്തിൽ 17 റണ്‍സുമായി പുറത്താകാതെനിന്നതാണ് ഉയർന്ന സ്കോർ. സൂപ്പർ എട്ടിൽ അഫ്ഗാനിസ്ഥാനെതിരേ ഒരു വിക്കറ്റ് വീഴ്ത്തിയത് മാത്രമാണ് പന്തുകൊണ്ട് ജഡേജയുടെ ഇതുവരെയുള്ള സംഭാവന. ലോകകപ്പിൽ ശിവം ദുബെയുടെ ഇന്നിംഗ്സുകൾ ഇങ്ങനെ: 0*, 3, 31*, 10, 34, 28, 0. ബംംഗ്ലാദേശിനെതിരായ 24 പന്തിൽ 34 ആണ് ഉയർന്ന സ്കോർ.
1, 4, 0, 24, 37, 0, 9 എന്നതാണ് ഓപ്പണിംഗിൽ വിരാട് കോഹ്ലിയുടെ പ്രകടനം. ബംഗ്ലാദേശിനെതിരേ 28 പന്തിൽ 37 റണ്‍സ് നേടിയതാണ് ഉയർന്ന സ്കോർ.
അതേസമയം, കോഹ്ലിയുടെ ഫോമില്ലായ്മയെ കുറിച്ച് ഒട്ടും ആശങ്കയില്ലെന്നാണ് ക്യാപ്റ്റൻ രോഹിത് ശർമ വ്യക്തമാക്കിയിരിക്കുന്നത്.
ബാറ്റിംഗ് Vs ബൗളിംഗ്
ക്വാളിറ്റി ബാറ്റർമാരും ബൗളർമാരും ഏറ്റുമുട്ടുന്നു എന്നതാണ് ഇന്ത്യ x ദക്ഷിണാഫ്രിക്ക ഫൈനലിന്റെ ഹൈലൈറ്റ്. ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യയുടെ റണ്‍വേട്ടയിൽ പ്രധാനി. ഏഴ് ഇന്നിംഗ്സിൽനിന്ന് രോഹിത് 41.33 ശരാശരിയിൽ 248 റണ്‍സ് നേടിയിട്ടുണ്ട്. സൂര്യകുമാർ യാദവ് (196), ഋഷഭ് പന്ത് (171) എന്നിവരാണ് റണ്‍വേട്ടയിൽ രോഹിത്തിന്റെ കൂട്ടുകാർ.
15 വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിംഗാണ് ഇന്ത്യയുടെ ബൗളർമാരിൽ പ്രധാനി. എന്നാൽ, 13 വിക്കറ്റ് സ്വന്തമാക്കിയ ജസ്പ്രീത് ബുംറയാണ് ദക്ഷിണാഫ്രിക്ക ബാറ്റർമാരുടെ പേടിസ്വപ്നം. 4.12 മാത്രമാണ് ഈ ലോകകപ്പിൽ ബുംറയുടെ ഇക്കോണമി.
ക്വിന്റണ്‍ ഡികോക്ക് (204), ഡേവിഡ് മില്ലർ (148), ഹെൻറിച്ച് ക്ലാസൻ (138), ട്രിസ്റ്റൻ സ്റ്റബ്സ് (134) തുടങ്ങിയവരാണ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് കരുത്ത്. ആൻറിച്ച് നോർക്കിയ (13), കഗിസൊ റബാദ (12), തബ്രായിസ് ഷംസി (11) എന്നിവരാണ് പ്രോട്ടീസിന്റെ ബൗളിംഗ് ആക്രമണം നയിക്കുന്നത്.
ഏഴാം ഫൈനൽ
ഐസിസി ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യക്കിത് ഏഴാം ഫൈനൽ. ഏകദിനത്തിൽ 1983, 2003, 2011, 2023 എഡിഷനുകളിലും ട്വന്റി-20യിൽ 2007, 2014 വർഷങ്ങളിലും ഇന്ത്യ ഫൈനൽ കളിച്ചു. അതിൽ ഏകദിനത്തിൽ 1983, 2011 ലോകകപ്പുകളിൽ ഇന്ത്യ ജേതാക്കളായി, ട്വന്റി-20യിൽ 2007ലും. 2013 ചാന്പ്യൻസ് ട്രോഫിക്കുശേഷം ഇന്ത്യക്ക് ഇതുവരെ ഒരു ഐസിസി കിരീടത്തിൽ എത്താൻ സാധിച്ചിട്ടില്ല. 2013 ചാന്പ്യൻസ് ട്രോഫിക്കുശേഷം രണ്ട് ലോക ടെസ്റ്റ് ചാന്പ്യൻഷിപ് ഉൾപ്പടെ അഞ്ച് തവണ ഐസിസി ഫൈനലുകളിൽ ഇന്ത്യ കളിച്ചെങ്കിലും നിരാശയായിരുന്നു ഫലം.