മുംബൈ: മഹാത്മാഗാന്ധിയെ അപമാനിച്ച ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി. ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) ഡെപ്യൂട്ടി കമ്മീഷണറായ നിധി ചൗധരിയെയാണ് മാറ്റിയത്.
ലോകം മുഴുവനുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയും ഇന്ത്യൻ കറൻസിയിലെ ചിത്രവും നീക്കം ചെയ്യണമെന്നായിരുന്നു ട്വീറ്റ്. സ്ഥാപനങ്ങൾക്കും റോഡിനും ഗാന്ധിജിയുടെ പേര് നൽകിയതും നീക്കം ചെയ്യണമെന്ന് പറഞ്ഞ അവർ ഗാന്ധിജിയുടെ കൊലപാതകി നാഥുറാം ഗോഡ്സേക്കു നന്ദിയും പറഞ്ഞു.
മഹാത്മാഗാന്ധിയുടെ മൃതദേഹത്തിന്റെ ചിത്രം ഉൾപ്പെടുത്തി മേയ് 17 നാണ് നിധി ചൗധരി വിവാദ ട്വീറ്റ് ചെയ്തത്. എന്ത് അപൂർവമായ 150-ാം ജന്മവാർഷികാഘോഷമാണ് ഈ വർഷം നടക്കുന്നത്.
ഈ പ്രധാന അവസരത്തിൽ, ലോകം മുഴുവനുള്ള അദ്ദേഹത്തിന്റെ പ്രതിമയും കറൻസിയിലെ അദ്ദേഹത്തിന്റെ മുഖചിത്രവും സ്ഥാപനങ്ങൾക്കും റോഡുകൾക്കും അദ്ദേഹത്തിന്റെ പേരു നൽകിയതും നീക്കണം. അതാണ് നമുക്കു നൽകാൻ കഴിയുന്ന യഥാർഥ ആദരം.
30.01.1948 ന് ഗോഡ്സേക്ക് നന്ദി- ഇതായിരുന്നു ട്വീറ്റ്. തന്റെ ട്വീറ്റ് തെറ്റായി വ്യാഖ്യാനിച്ചതാണെന്നും തന്റെ പ്രിയ പുസ്തകം ഗാന്ധിജിയുടെ ആത്മകഥയായ “എന്റെ സത്യാന്വേഷണ പ രീക്ഷണങ്ങൾ’ ആണെന്നും നിധി ചൗധരി പറഞ്ഞു.