കഠിനാധ്വാനം കൊണ്ട് ബോളിവുഡിലെ മുന്‍നിര നായികമാരുടെ നിരയില്‍ ഇടംപിടിച്ച നടിയാണ് താപ്സി പന്നു. തെന്നിന്ത്യന്‍ സിനിമയിലൂടെ അഭിനയത്തിന് അരങ്ങേറ്റം കുറിച്ച താപ്സി അവിടെ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച ശേഷമാണ് ബോളിവുഡിലേക്ക് ചേക്കേറുന്നത്.
മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുള്ള താപ്സി തന്റെ രണ്ടാം വരവില്‍ ബോളിവുഡിലെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു.
അഭിനയവും സിനിമയും പോലെ തന്നെ താപ്സിയുടെ നിലപാടുകളും കയ്യടി നേടുന്നവയാണ്. സമൂഹത്തിലേയും സിനിമാമേഖലയിലേയും പല വിഷയങ്ങളിലുമുള്ള തന്റെ നിലപാട് അറിയിച്ചു കൊണ്ട് താപ്സി രംഗത്ത് എത്താറുണ്ട്.
അതുകൊണ്ട് തന്നെ താരത്തിന് ഒരുപാട് ആരാധകരും അതുപോലെ വിമര്‍ശകരുമുണ്ട്. ഇപ്പോഴിതാ താപ്സി പന്നുവിന്റെ പുതിയ ചിത്രത്തിന് ലഭിച്ചൊരു കമന്റും അതിന് താപ്സി നല്കിയ മറുപടിയുമാണ് വൈറലാകുന്നത്.
രശ്മി റോക്കറ്റ് ആണ് താപ്സിയുടെ പുതിയ സിനിമ. അകര്ഷ് ഖുറാന സംവിധാനം ചെയ്യുന്ന സിനിമ ഒക്ടോബര്‍ 15 ന് സീ 5ലൂടെ റിലീസ് ചെയ്യും.
ചിത്രത്തില്‍ ഒരു അത്ലറ്റ് ആയിട്ടാണ് താപ്സി എത്തുന്നത്. ഇതിനായി കഠിനമായ വര്‍ക്കൗട്ടും അമ്പരപ്പിക്കുന്ന ബോഡി ട്രാന്‍സ്ഫര്‍മേഷനുമാണ് താപ്സി നടത്തിയിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
അങ്ങനെ താപ്സി പങ്കുവച്ചൊരു ചിത്രത്തിന് ലഭിച്ച കമന്റാണ് ശ്രദ്ധ നേടുന്നത്. പുറം തിരിഞ്ഞു നില്ക്കുന്ന താപ്സിയുടെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെട്ടിരുന്നു.
ഇതിന് ബോളിവുഡ് കി ന്യൂസ് എന്ന അക്കൗണ്ടില്‍ നിന്നും ലഭിച്ച കമന്റ് ഇങ്ങനെ ആണുങ്ങളുടേത് പോലുളള ശരീരം താപ്സി പന്നുവിന് മാത്രമേ സാധ്യമാവുകയുള്ളൂവെന്നായിരുന്നു കമന്റ്.
എന്നാല്‍ പിന്നാലെ തന്നെ ഈ കമന്റിന് മറുപടിയുമായി താപ്സി എത്തുകയായിരുന്നു. എനിക്ക് പറയാനുള്ളത് ഈ വാക്കുകള്‍ ഓര്ത്തുക വെക്കണം എന്നിട്ട് സെപ്തംബര്‍ 23 വരെ കാത്തിരിക്കുക എന്നായിരുന്നു.
മുന്‍കൂട്ടി നന്ദി പറയുന്നു, ഈ പ്രശംസയ്ക്കായി ഞാന്‍ നന്നായി കഠിനാധ്വാനം ചെയ്തിട്ടുണ്ട് എന്നായിരുന്നു താപ്സിയുടെ മറുപടി.
ഹസീന് ദില്‍രുബയാണ് താപ്സിയുടെ അവസാനം പുറത്തിറങ്ങിയ ഹിന്ദി സിനിമ. നെറ്റ്ഫ്ളിക്സ് ചിത്രമായ ഹസീന് ദില്രുബയ്ക്ക് പക്ഷെ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ല.
വിക്രാന്ത് മാസിയായിരുന്നു സിനിമയിലെ നായകന്. ചിത്രത്തിനെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ദില്‍രുബയുടെ എഴുത്തുകാരിയായ കനിക ധില്ലന് രശ്മി റോക്കന്റെ സഹ എഴുത്തുകാരിയാണ്.
വിജയ് സേതുപതിക്കൊപ്പം അബിനയിച്ച അന്നബെല്ല സേതുപതിയാണ് അവസാനം പുറത്തിറങ്ങിയ സിനിമ. ഈ ചിത്രത്തിനും പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല.
അതേസമയം താപ്സി പന്നു നിര്‍മ്മാണത്തിലേക്കും കടന്നിരിക്കുകയാണ്. ബ്ലര്‍ എന്ന സൈക്കോളജിക്കല്‍ ത്രില്ലറിലൂടെയാണ് താപ്സി നിര്‍മ്മാണ രംഗത്തേക്ക് പ്രവേശിക്കുന്നത്.
ഔട്ട്സൈഡേഴ്സ് ഫിലിംസ് എന്ന പേരിലാണ് താപ്സി നിര്‍മ്മാണ കമ്പനി ആരംഭിച്ചിരിക്കുന്നത്. തന്നെപ്പോലെ യാതൊരു പശ്ചാത്തലവുമില്ലാതെ സിനിമയിലേക്ക് വരാന്‍ ശ്രമിക്കുന്നവര്‍ക്ക് അവസരം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് താപ്സി പറയുന്നത്.
കൈനിറയെ ചിത്രങ്ങളാണ് താപ്സിയ്ക്കുള്ളത്. ലൂപ്പ് ലപ്പേട്ടയാണ് പുറത്തിറങ്ങാനുള്ള സിനിമകളിലൊന്ന്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ ജീവിത കഥ പറയുന്ന ശബാഷ് മിത്തുവും അണിയറയിലുണ്ട്.
പിന്നാലെ ഷാരൂഖ് ഖാനൊപ്പം രാജ്കുമാര് ഹിറാനി ചിത്രത്തിലും താപ്സി നായികയായി എത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.