സെബി മാത്യു
ന്യൂഡൽഹി: അവശ്യമരുന്നുകളുടെ മൊത്തവിലയിൽ വൻ വർധന. അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ട മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും വിലയിൽ 10.7 ശതമാനം വർധനയാണ് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അഥോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്.
പട്ടികയിൽ ഉൾപ്പെട്ട 800 മരുന്നുകളുടെ വില ഇതോടെ വർധിക്കും. മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലാകും ചില്ലറവിൽപ്പനയ്ക്കുള്ള മരുന്നുകളുടെ വിലയും നിർണയിക്കുന്നത്.
മരുന്നുകളുടെ ഉയർന്ന വില ഏപ്രിൽ ഒന്നിനു നിലവിൽ വരും. മരുന്നുകളുടെ വിലയിൽ കുത്തനെ ഉണ്ടാകുന്ന വർധന ജനങ്ങളെ പ്രതികൂലമായി ബാധിക്കും.
രോഗികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഓൾ ഇന്ത്യ ഡ്രഗ് ആക്ഷൻ നെറ്റ്വർക്ക് ഉൾപ്പെടെയുള്ളവർ വിലക്കയറ്റത്തിനെതിരേ മുന്നറിയിപ്പുമായി രംഗത്തെത്തി.
എന്നാൽ, ഇതിനു മുമ്പ് മൊത്തവിലയിൽ നാലു ശതമാനം വർധനയുണ്ടായപ്പോഴും അവശ്യമരുന്നുകളുടെ ചില്ലറ വിലയിൽ മാറ്റമുണ്ടാകാത്ത സാഹചര്യവും ഉണ്ടായിട്ടുണ്ട്.
എന്നാൽ, ഇത്തവണ പത്തു ശതമാനത്തിലേറെ വർധന ഉണ്ടായതിനാൽ ഇത് ചില്ലറവിലയിലും പ്രതിഫലിക്കും എന്നുതന്നെയാണ് വിലയിരുത്തൽ.
പനി, അണുബാധ, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം, ത്വക് രോഗങ്ങൾ, അനീമിയ തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് ഇതോടെ വർധിക്കുന്നത്.
പാരസെറ്റമോളിനു പുറമേ, ഫിനോർബാർബിറ്റോണ്, ഫിനൈറ്റോയിൻ സോഡിയം, അസിത്രോമൈസിൻ, സിപ്രോഫ്ലോക്സാസിൻ ഹൈഡ്രോക്ലോറൈഡ്, മെട്രോനൈഡസോൾ, ഫോളിക് ആസിഡ്, മിനറൽസ് എന്നിവയും വിലയും കൂടുന്ന മരുന്നുകളിൽ ഉൾപ്പെടുന്നു.
കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രിഡ്നിസോളോണ് സ്റ്റിറോയിഡുകളുടെയും വില കൂടും. മരുന്നുകൾക്കു പുറമേ കൊറോണറി സ്റ്റെന്റ്, നീ ഇംപ്ലാന്റ്സ് എന്നിവയുടെയും വിലയും വർധിക്കും.
അവശ്യമരുന്നുകളുടെ വിലയിൽ ഒറ്റയടിക്ക് പത്തു ശതമാനത്തിൽ അധികം വില വർധിക്കുന്നത് ദീർഘകാലത്തിനിടെ ആദ്യമായാണ്.
സാധാരണയായി അവശ്യമരുന്നുകളുടെ വിലയിൽ പ്രതിവർഷം രണ്ടോ മൂന്നോ ശതമാനം മാത്രമാണ് വില വർധിച്ചിരുന്നത്.
മൊത്തവില സൂചികയിലെ വർധനയിൽ കഴിഞ്ഞ ജനുവരി മുതൽ മാറ്റമില്ലാതെ തുടരുന്നതിനാലാണ് മരുന്നുകളുടെ മൊത്ത വിലയും വർധിപ്പിക്കണമെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അഥോറിറ്റി ഓഫ് ഇന്ത്യയോട് വാണിജ്യ മന്ത്രാലയത്തിലെ സാന്പത്തിക ഉപദേഷ്ടാവ് നിർദേശിച്ചത്.
അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകളുടെ വില 20 ശതമാനം വരെ വർധിപ്പിക്കാൻ അനുവദിക്കണമെ ന്നാവശ്യപ്പെട്ട് ഡ്രഗ് മാനുഫാക്ചേഴ്സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.
ഉത്പാദനച്ചെലവ് വർധിച്ചതിനാൽ മരുന്നുകളുടെ വില വർധിപ്പിക്കാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
അവശ്യമരുന്നു പട്ടികയുടെ പുറത്തുള്ള മരുന്നുകളുടെ വിലയിൽ പ്രതിവർഷം പത്തു ശതമാനം വരെ വർധിപ്പിക്കാനാണു നിലവിൽ അനുമതിയുള്ളത്.