ഇറ്റലിയിൽ കഴിഞ്ഞ ദിവസം ലേലത്തിന് എത്തിയ ഒരു മേശയ്ക്ക് വില 78 കോടി രൂപ. 1568ൽ നിർമാണം പൂർത്തിയായ ഈ മേശയ്ക്ക് നിരവധി പ്രത്യേകതകളുണ്ട്. പ്രശസ്ത ഇറ്റാലിയൻ കലാകാരനും ശില്പിയുമൊക്കെയായിരുന്ന ജിയോർജിയോ വസാരിയാണ് ഈ മേശ രൂപകൽപ്പന ചെയ്തതെന്നതാണ് ഈ മേശയുടെ ഏറ്റവും വലിയ പ്രത്യേകത.
ആ കാലഘട്ടത്തിൽ ഇറ്റലിയിലെ ഏറ്റവും മൂല്യമേറിയ ശിൽപ്പിയായിരുന്നു വസാരി. ഇറ്റലിയിലെ രാജകുടുംബത്തിന്റെ ആവശ്യപ്രകാരമാണ് മേശ നിർമിച്ചത്. രാജകുടുംബം പുതിയതായി ഒരു അവധിക്കാല വസതി നിർമിക്കാൻ തീരുമാനിച്ചപ്പോൾ അവിടേക്കാവശ്യമായ മുഴുവൻ ഫർണിച്ചറുകളുടെയും പെയിന്റിംഗുകളുടെയും നിർമാണ ചുമതല വസാരിക്കായിരുന്നു. വസാരി തന്നെ വികസിപ്പിച്ചെടുത്ത ഒരു പ്രത്യേക രീതി അനുസരിച്ചാണ് മേശ നിർമിച്ചത്.
വളരെ വിലകൂടിയ, അപൂർവങ്ങളായ നിരവധി കല്ലുകൾ ഉപയോഗിച്ചാണ് മേശയുടെ നിർമാണം. വെളുത്ത മാർബിളിന്റെ മുകളിൽ ജാസ്പെറും ലാപിസ് ലസൂലിയും പോലൂള്ള കല്ലുകൾ മനോഹരമായി കൊത്തിയെടുത്ത് അലങ്കരിച്ചിരിക്കുന്നു.
പത്തുവർഷമെടുത്താണ് ഈ മേശയുടെ നിർമാണം പൂർത്തിയാക്കിയത്. ഇതിന്റെ ചെലവ് എത്രയാണെന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ അക്കാലത്ത് ഇതിന്റെ നിർമാണ ചെലവ് തീർച്ചയായും ഒരു റിക്കാർഡായിരിക്കാമെന്ന് പുരാവസ്തു ശാസ്ത്രജ്ഞർ പറയുന്നു.
400 വർഷം പഴക്കമുണ്ടെങ്കിലും മേശയ്ക്ക് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല.ഉൗരി മാറ്റാൻ കഴിയുന്ന വെള്ളിയിൽ തീർത്ത കാലുകളും മേശയ്ക്കൊപ്പം ലഭിക്കും. ലണ്ടൻ ആർട്ട് ഫെയറിലാണ് മേശ ലേലത്തിന് വച്ചിരിക്കുന്നത്. അഞ്ചടി നീളവും മൂന്നര അടി വീതിയുമാണ് ഈ മേശയ്ക്കുള്ളത്. രാജകുടംബത്തിന്റെ വേനൽക്കാല വസതിയിലെ സ്വീകരണമുറിയെ അലങ്കരിച്ചിരുന്നതാണ് ഈ മേശ.