ഗോൾഡ് കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസ് വനിതാ സിംഗിൾസ് ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ മണിക ബത്രയ്ക്ക് ചരിത്ര സ്വർണം.
ഗെയിംസിൽ വനിതാ സിംഗിൾസിൽ ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ താരം സ്വർണം നേടുന്നത്. ടിടി വനിതാ ടീം വിഭാഗത്തിൽ ഇന്ത്യ ചരിത്രത്തിലാദ്യമായി സ്വർണം നേടിയപ്പോഴും മണിക ബത്രയായിരുന്നു പടനയിച്ചത്. ഇതോടെ മണിക ഇരട്ട സ്വർണ നേട്ടത്തിലെത്തി.
സിംഗപ്പൂരിന്റെ മെൻഗ്യൂ യുവിനെ 4-0നു പരാജയപ്പെടുത്തിയാണ് മണിക സ്വർണമണിഞ്ഞത്. സ്കോർ: 11-7, 11-6, 11-2, 11-7.
പുരുഷ വിഭാഗം ടിടി ഡബിൾസിൽ വെള്ളിയും വെങ്കലവും ഇന്ത്യൻ സഖ്യങ്ങൾ സ്വന്തമാക്കി. പുരുഷ ഡബിൾസ് ഫൈനലിൽ ശരത് അചന്ത – സത്യൻ ഗനനശേഖരൻ സഖ്യമാണ് ഫൈനലിൽ ഇംഗ്ലീഷ് കൂട്ടുകെട്ടിനോട് അഞ്ച് ഗെയിം നീണ്ട പോരാട്ടത്തിൽ പൊരുതി കീഴടങ്ങി വെള്ളി നേടിയത്. സ്കോർ: 5-11, 12-10, 11-9, 6-11, 8-11.
വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യയുടെ ഹർമീത് ദേശായി – സനിൽ ശങ്കർ കൂട്ടുകെട്ട് സിംഗപ്പൂരിന്റെ സഖ്യത്തെ തകർത്തു. സ്കോർ: 11-5, 11-6, 12-10.
ഇന്ത്യക്ക് ഇന്ന് മിക്സഡ് ഡബിൾസ് വെങ്കലമെഡൽ പോരാട്ടവും പുരുഷ സിംഗിൾസ് വെങ്കല പോരാട്ടവുമുണ്ട്. മിക്സഡ് ഡബിൾസിൽ വെങ്കലത്തിനായി പോരാടുന്നത് ഇന്ത്യയുടെ സഖ്യങ്ങൾ തമ്മിലാണ്. രാവിലെ 5.00നാണ് മത്സരം. പുരുഷ സിംഗിൾസ് പോരാട്ടം രാവിലെ 7.00നും.