ഗാന്ധിനഗർ: മെഡിക്കൽ കോളജിൽ അപകടങ്ങളിൽപ്പെട്ട് എത്തുന്ന രോഗികൾക്കു ശസ്ത്രക്രിയ ആവശ്യമായി വരികയാണെങ്കിൽ കൂടെ നിൽക്കുന്നവർ ഒാടി മടുക്കും.
സ്റ്റിച്ച് ചെയ്യാൻ ഉപയോഗിക്കുന്ന (സുച്ചറിംഗ് മെറ്റീരിയൽസ്) സാധനങ്ങൾ പോലും മെഡിക്കൽ കോളജിൽനിന്നു ലഭ്യമല്ലെന്നാണ് ആക്ഷേപം.
കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടു ചികിത്സ തേടിയെത്തിയ കടുത്തുരുത്തി സ്വദേശിയായ 36കാരനു ശസ്ത്രക്രിയ ആവശ്യമായി വന്നു. ഇതിനായി സുച്ചറിംഗ് മെറ്റീരിയൽ വാങ്ങാൻ ഡോക്ടർ കുറിപ്പ് നൽകി.
രോഗിയുടെ ബന്ധു മെഡിക്കൽ കോളജിന്റെ ന്യായവില മെഡിക്കൽ സ്റ്റോറിൽ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല.
തുടർന്ന് സ്വകാര്യ സർജിക്കൽ മെഡിക്കൽ സ്റ്റോറിൽനിന്നു മുന്തിയ വിലയ്ക്കു വാങ്ങുകയായിരുന്നു.
ശസ്ത്രക്രിയയ്ക്ക് ആവശ്യമായ നിസാരമായ അനുബന്ധ സാധനങ്ങൾ പോലും ആശുപത്രിയിൽ ഇല്ലാത്തതു നിർധനരായ രോഗികളെ ബുദ്ധിമുട്ടിക്കുകയാണ്.
അപകടമുണ്ടാകുന്പോൾ ഉടൻ രോഗിയെ ആശുപത്രിയിൽ എത്തിക്കുന്പോൾ, പുറത്തുനിന്ന് ഇത്തരം സാധനങ്ങൾ വാങ്ങാൻ കൂടെയെത്തുന്ന പലരുടെയും കൈവശം ആവശ്യത്തിനു പണം ഉണ്ടാകില്ല എന്നതാണ് മറ്റൊരു പ്രശ്നം.
ശസ്ത്രക്രിയ അനുബന്ധ സാധനങ്ങൾ ആശുപത്രി വക ന്യായവില ഷോപ്പിൽ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കാൻ നടപടി വേണമെന്നാണ് ആവശ്യം.
മരുന്നിനുപോലും മരുന്നില്ല!
ചങ്ങനാശേരി: സർക്കാർ ആശുപത്രികളെ രോഗീ സൗഹൃദമാക്കുമെന്ന് ആവശ്യത്തിനു മരുന്നുകൾ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കൂടെക്കൂടെ പറയുന്പോഴും സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകൾക്കുപോലും കടുത്ത ക്ഷാമം നേരിടുന്നതായി രോഗികളുടെ പരാതി. ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾക്കാണ് ഏറെ ക്ഷാമം നേരിട്ടിരിക്കുന്നത്.
പല ആശുപത്രികളിലും പ്രമേഹ രോഗികൾക്കുള്ള ഇൻസുലിൻ വിതരണവും വെട്ടിച്ചുരുക്കിയിരിക്കുകയാണ്.
ജീവിതശൈലീ രോഗങ്ങൾക്ക് ഒരു രോഗിക്ക് ഒരു മാസത്തേക്കുവരെ മുൻകാലങ്ങളിൽ മരുന്നു വിതരണം ചെയ്തിരുന്നു.
മരുന്നിനു ലഭ്യത കുറഞ്ഞതോടെ ഇപ്പോൾ പല ആശുപത്രികളിലും ഒരാഴ്ചത്തേക്കുള്ള മരുന്നുകളെ നൽകുന്നുള്ളുവെന്നും രോഗികൾ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, പനിക്കുള്ള പാരസെറ്റാമോൾ ഗുളികകൾ ആവശ്യത്തിനു ലഭ്യമാണെന്നാണ് വിവിധ ആശുപത്രികളിലെ മെഡിക്കൽ ഓഫീസർമാർ പറയുന്നത്. ചില മേഖലകളിൽ മരുന്നിനു ക്ഷാമം നേരിട്ടിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു.
ബെറ്റാഡിനും ക്ഷാമം
ചില ആശുപത്രികളിൽ മുറിനു വച്ചുകെട്ടുന്നതിനുള്ള ബെറ്റാഡിൻ മരുന്നിനു പോലും ക്ഷാമം നേരിടുന്നുണ്ട്. ഈ മരുന്ന് രോഗികൾക്കു പുറത്തുനിന്നു വാങ്ങാനായി കുറിച്ചു നൽകുകയാണ്.
സർക്കാർ ആശുപത്രികൾക്കു മരുന്നു വിതരണം ചെയ്യുന്ന കെഎംസിഎല്ലിന്റെ ജില്ലാ ഓഫീസുകളിൽ ആവശ്യത്തിനു മരുന്ന് എത്താത്തതാണ് വിവിധ ആശുപത്രികളിലെ മരുന്നു ലഭ്യത കുറവിനു കാരണമെന്നാണ് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.
മരുന്ന് എത്തിക്കുന്നില്ല
ഇക്കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിൽ വിവിധ ആശുപത്രികളിൽ ആരോഗ്യവകുപ്പ് എത്തിക്കേണ്ട മരുന്നു പല ആശുപത്രികളിലും എത്തിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
ആശുപത്രികളിൽ മരുന്നുകൾ ഇല്ലാത്തതു മൂലം ഡോക്ടർമാർ മരുന്നുകൾ പുറത്തുള്ള മെഡിക്കൽ സ്റ്റോറുകളിൽനിന്നു വാങ്ങാനായി കുറിച്ചു നൽകുകയാണ്.
ഇതു നിർധനരായ രോഗികൾക്കു വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ആശുപത്രികളിലെ മരുന്നിന്റെ ലഭ്യത മനസിലാക്കി മെഡിക്കൽ ഓഫീസർമാരും ഫാർമസിസ്റ്റുകളും മരുന്നുകൾ പരസ്പരം കൈമാറ്റം ചെയ്താണ് ഇപ്പോൾ ചില ആശുപത്രികളിൽ എത്തുന്ന രോഗികളെ തൃപ്തിപ്പെടുത്തുന്നത്.