ജനീവ: ലോകരാജ്യങ്ങൾ മാരക രോഗങ്ങളുടെ പിടിയിലമരുമ്പോൾ ഞട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. ലഭ്യമാകുന്ന ജീവൻരക്ഷാ മരുന്നുകളിലും മറ്റ് മരുന്നുകളിലും പത്തിലൊന്നും വ്യാജമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. ഇത് രോഗങ്ങൾക്കുള്ള ചികിത്സ അസാധ്യമാക്കുന്നുവെന്ന് മാത്രമല്ല ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ അദ്നോം ഗബ്രിയീസസ് ആണ് ഈ വിവരം വ്യക്തമാക്കിയത്.
2013മുതൽ ലോകാരോഗ്യ സംഘടന നടത്തി വന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ആന്റിബയോട്ടിക്കുകളടക്കം ഒരു വർഷം 1,500ലേറെ വ്യാജമരുന്നുകൾ ലോകരാജ്യങ്ങളിൽ നിർമ്മിക്കപ്പെടുന്നുണ്ടെന്നായിരുന്നു അന്നത്തെ കണക്ക്. ആകെ 42ശതമാനം മരുന്നുകൾ ഇത്തരത്തിൽ നിർമ്മിക്കപ്പെടുമ്പോൾ ഇതിൽ 21 ശതമാനവും ആഫ്രിക്കൻ മേഖലയിൽ നിന്നാണെന്നും റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.
എന്നാൽ, ഈ കണക്കുകൾ പോലും കൃത്യമല്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നതിന്റെ എത്രയോ മടങ്ങ് വ്യാജമരുന്നുകളാകാം ഉത്പാദിപ്പിക്കപ്പെടുകയും വിതരണം ചെയ്യപ്പെടുകയുമെന്നും ഡബ്ല്യൂഎച്ച്ഒ ഡയറക്ടർ ജനറൽ പറഞ്ഞു. ജീവനുതന്നെ ഭീഷണിയായേക്കാവുന്ന ഇത്തരം വ്യാജമരുന്നുകൾ കണ്ടെത്താനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും ഇത്തരം മരുന്നുകൾ നിർമ്മിക്കുന്നവർക്ക് കടുത്ത ശിക്ഷ തന്നെ ലഭ്യമാക്കുമെന്നും ഡബ്ല്യൂഎച്ച്ഒ ഡയറക്ടർ ജനറൽ വ്യക്തമാക്കി.