കോഴിക്കോട്: ലഹരി ഗുളികകള്‍ ലഭിക്കുന്നതിന് വേണ്ടി ഡോക്ടറുടെ വ്യാജ കുറിപ്പടികള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതര്‍ നിയമനടപടിക്കൊരുങ്ങുന്നു. ലഹരി ഉപയോഗത്തിനായി ആശുപത്രിയുടെ ഒപി ചീട്ട് വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ പോലീസിലും ഡ്രഗ്കണ്ട്രോള് ബോര്‍ഡിലും പരാതി നല്‍കുമെന്ന് ബീച്ച് ജനറല്‍ ആശുപത്രി സൂപ്രണ്ട് വി.ഉമ്മര്‍ഫാറൂഖ് “രാഷ്ട്ര ദീപിക’യോട് പറഞ്ഞു. ഇതുസംബന്ധിച്ച് “രാഷ്ട്രദീപിക’ വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്നാണ് ആശുപത്രി സൂപ്രണ്ട് നിയമനടപടി സ്വീകരിക്കുന്നത്.
അതേസമയം ആശുപത്രിയിലെ മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ മരുന്നുകള്‍ എഴുതി നല്കുമ്പോള് പ്രത്യേകം ശ്രദ്ധിക്കണമെന്നും ഒപ്പ് പതിക്കണമെന്നും ഒപി ചീട്ടില്‍ സീലുണ്ടോയെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു.
ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മാത്രം ലഭിക്കുന്ന വീര്യം കൂടിയ വേദനസംഹാരികള്‍ മെഡിക്കല്‍ഷോപ്പുകളില്‍ നിന്ന് ലഭിക്കുന്നതിനായാണ് വിദ്യാര്‍ഥികള്‍ ഒപി ചീട്ട് സംഘടിപ്പിച്ച് ഡോക്ടറുടെ വ്യാജ കുറിപ്പടി തയാറാക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി ചീട്ട് വാങ്ങി അതില്‍ ഡോക്ടറുടേതെന്ന് തോന്നിപ്പിക്കും വിധത്തില്‍ രോഗവിവരങ്ങളും മരുന്നുകളും എഴുതി ചേര്‍ത്താണ് ഗുളികകള്‍ വാങ്ങാനായി എത്തുന്നത്. പോലീസ്, എക്സൈസ് പരിശോധനയെ തുടര്‍ന്ന് ലഹരി ഗുളികകള്‍ ലഭിക്കുന്നത് കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് പുതിയ തന്ത്രവുമായി വിദ്യാര്‍ഥികളും ലഹരി മാഫിയയും എത്തിയത്.
ആശുപത്രികളില്‍ നിന്ന് ഒപി ചീട്ട് വാങ്ങുകയും ഡോക്ടര്‍മാര്‍ എഴുതുന്ന രീതിയില്‍ രോഗവിവരങ്ങളും അതിനുള്ള മരുന്നുകളും പ്രത്യേകമായി തന്നെ എഴുതുകയുമാണ് ചെയ്യുന്നത്. പലരും ന്യൂറോ സംബന്ധമായുള്ള അസുഖത്തെ കുറിച്ചാണ് ചീട്ടില്‍ എഴുതുന്നത്. ഇത്തരം അസുഖങ്ങള്‍ക്കായുള്ള ഗുളികകള്‍ ലഹരിക്കായി ഉപയോഗിക്കുന്നുണ്ട്.
തിരക്കേറിയ മെഡിക്കല്ഷോപ്പുകളിലാണ് ഇവര്‍ ചീട്ടുമായി എത്തുന്നത്. തിരക്കുള്ളസമയത്ത് ആശുപത്രിയുടെ സീലുണ്ടോയെന്ന് വിശദമായി നോക്കാന്‍ കഴിയില്ല. അത്തരം ഷോപ്പുകളെയാണ് വിദ്യാര്‍ഥികള്‍ ലക്ഷ്യമിടുന്നത്. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ വേദനസംഹാരികളും മറ്റു ഉത്തേജകമരുന്നുകളും വില്‍പ്പന നടത്തരുതെന്ന് നാര്‍ക്കോട്ടിക് സ്ക്വാഡുകളും ഡ്രഗ്സ് കണ്ട്രോള് ബോര്‍ഡും മെഡിക്കല്‍ഷോപ്പുകള്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ ഒപി ചീട്ട് സ്വന്തമാക്കി തട്ടിപ്പ് നടത്തുന്നത്.