മുളങ്കുന്നത്തുകാവ്: തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജിവന് രക്ഷാമരുന്നുകള്‍ക്ക് വന്‍ ക്ഷാമം. സൗജന്യമായി രോഗികള്‍ക്കു ലഭ്യമാക്കേണ്ട മരുന്നുകള്‍ സര്‍ക്കാര്‍ നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണമായിട്ടുള്ളത്. മൂന്നുമാസത്തില്‍ കൂടുതലായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അവശ്യ മരുന്നുകളുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുന്നുണ്ട്. ജീവന് രക്ഷമരുന്നുകളുടെ വിഭാഗത്തില്‍ 268 ഇനം മരുന്നുകളാണ് സര്‍ക്കാരിന്റ ഡ്രഗ്സ് കണ്ട്രാള് വിഭാഗം അനുവദിച്ചിട്ടുള്ളത്.
ഇതില്‍ ആശുപത്രി ഫര്‍മാസി വഴി 87 ഇനം മരുന്നുകള്‍ നല്‍കുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ വിരലിലെണ്ണാവുന്ന മരുന്നുകള്‍ മാത്രമാണ് ഫാര്‍മസി വഴി നല്‍കിവരുന്നത്. പ്രഷര്‍, പ്രമേഹം എന്നിവയക്കും ശരീരത്തിലെ നീരിനും സ്ഥിരമായി കഴിക്കേണ്ട സൗജന്യ മരുന്നുകള്‍ കിട്ടിയിട്ട് മാസങ്ങളേറെയായി. സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്നവര് ആശ്രയിക്കുന്ന ഈ ആശുപത്രിയില്‍ ജിവരക്ഷ മരുന്നുകള്‍ ഇല്ലാത്തത് രോഗികളെ വളരെയധികം ദൂരിതത്തിലാക്കിയിരിക്കുകയാണ്.
ദിനം പ്രതി ഒപി യില്‍ മാത്രം ആയിരത്തോളം രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. ഇതില്‍ 25ശതമാനം ആളുകളാണ് ഒപി ഫാര്‍മസിയിലെ മരുന്നിനെ ആശ്രയിക്കുന്നത് മുക്കാല്‍ ഭാഗം രോഗികള്‍ പുറമേ നിന്നാണ് വലിയ വിലയക്ക് മരുന്നുകള്‍ വാങ്ങിക്കുന്നത്. നോട്ടിന്റെ പ്രശ്നമാണ് മരുന്നുകളുടെ കുറവിന് കാരണമെന്നാണ് പാവപ്പെട്ട രോഗികള്‍ കരുതുന്നതെങ്കിലും നോട്ടു നിരോധനത്തിനും എത്രയോ മുമ്പ് ഈ പ്രശ്നം ഉണ്ടായിരുന്നു. ആശുപത്രിയുടെ കിഴില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഷോപ്പിന് മരുന്നു വാങ്ങിയ ഇനത്തില്‍ ലക്ഷങ്ങളാണ് ആശുപത്രി വികസന കമ്മിറ്റി നല്കുവാനുള്ളത്. സാമ്പത്തിക പ്രതിസന്ധി മൂലം കഴിഞ്ഞയാഴ്ച ഈ മെഡിക്കല്‍ ഷോപ്പ് അടുച്ചുവെങ്കിലും പിന്നിട് തുറന്നു.