സ്വന്തം ലേഖകൻ
ന്യൂഡൽഹി: ആന്റിബയോട്ടിക് മരുന്നുകൾ ഇനി മുതൽ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വിൽക്കരുതെന്നു കർശന നിർദേശം. ഇതു സംബന്ധിച്ച് എല്ലാ ഫാർമസികൾക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഡ്രഗ് കണ്ട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) സംസ്ഥാനങ്ങൾക്കു കത്തയച്ചു.
ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതിനുള്ള ലൈസൻസിനെക്കുറിച്ച് ഓൾ ഇന്ത്യ ഓർഗനൈസേഷൻ ഓഫ് കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ അംഗങ്ങൾക്ക് ബോധവത്ക്കരണം നൽകണമെന്നും ഡോക്ടറുടെ കുറിപ്പടിയില്ലാതെ കടക്കാർ മരുന്നുകൾ നൽകുന്നതു കന്പനികൾ നിരുത്സാഹപ്പെടുത്തണമെന്നും ഡിസിജിഐ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അമിത മരുന്നുപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ടാണു പുതിയ നീക്കം. ആന്റിബയോട്ടിക്കുകൾ അമിതമായി ഉപയോഗിക്കുന്നതിലൂടെ മരുന്നിനെ പ്രതിരോധിക്കുന്ന ബാക്ടീരിയയും ഉണ്ടാകുന്നു. ഇതുമൂലം അണുബാധയ്ക്കെതിരേ മരുന്ന് ഫലപ്രദമാകാത്ത സാഹചര്യവുമുണ്ട്.
എച്ച്, എച്ച് ഒന്ന് പട്ടികയിലുള്ള ആന്റിബയോട്ടിക്കുകൾ ഡോക്ടറുടെ നിർദേശ പ്രകാരമല്ലാതെ വിൽക്കാവുന്നതല്ലെന്നു നിലവിലുള്ള നിർദേശമുണ്ടെങ്കിലും നിയന്ത്രണം ഫലപ്രദമാകുന്നില്ലെന്നു കണ്ടെത്തിയതിനെതുടർന്നാണു പുതിയ നിർദേശം