സൂക്ഷ്മാണുജീവികൾ നിലവിലുള്ള ആന്റിബയോട്ടിക് മരുന്നുകളെ അതിജീവിക്കാനുള്ള കരുത്തുനേടുന്ന പ്രതിഭാസമാണ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ). ലോകാരോഗ്യസംഘടന ഈ വിഷയത്തിൽ 2015-ൽ ഒരു കർമപദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
ഈ വെല്ലുവിളി എങ്ങനെ കൈകാര്യംചെയ്യണമെന്നാണ് ആ കർമപദ്ധതിയിൽ പറയുന്നത്. ഐക്യരാഷ്ട്രസംഘടനയിൽ അവതരിപ്പിച്ച ഈ പദ്ധതി എണ്‍പതോളം രാജ്യങ്ങളിൽ അംഗീകരിച്ചിട്ടുണ്ട്.
ആന്റിബയോട്ടിക് ഒൗഷധങ്ങൾ മനുഷ്യരിലും മൃഗങ്ങളിലും കൃഷിയിലും വളരെ ശ്രദ്ധയോടെ ഉപയോഗിക്കുന്ന പദ്ധതിയാണത്.
വിവിധ മേഖലകളിൽ കൂടുതൽ ശ്രദ്ധയോടെ ഓരോ മേഖലയിലെ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും ഏകോപിപ്പിച്ചുനടത്തുന്ന ഈ പദ്ധതിയുടെ പേര് വണ്‍ ഹെൽത്ത് എന്നാണ്.
ഈ പദ്ധതി പല രാജ്യങ്ങളിലും ഫലപ്രദമായി പ്രവർത്തനം ആരംഭിച്ചിരിക്കുന്നുവെന്നാണ് അറിയാൻ കഴിയുന്നത്. ഇതു ഫലപ്രാപ്തിയിലെത്താൻ ഏറ്റവും പ്രധാനപ്പെട്ട ഘടകം അതീവശ്രദ്ധയാണ്. സാന്പത്തികബാധ്യത തീരെ വരുകയില്ലെന്നത് ഈ പദ്ധതിയുടെ എടുത്തുപറയേണ്ട നേട്ടമാണ്.
രോഗാണുക്കളുടെ അതിജീവനശേഷി, ആരോഗ്യമേഖലയിലെ മറ്റൊരു വെല്ലുവിളിയായ മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കു പകരുന്ന രോഗങ്ങൾ എന്നിവയെക്കൂടി അകറ്റിനിർത്തുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ.്
പകർച്ചപ്പനി പല പേരുകളിൽ!
കുറേ കൊല്ലങ്ങളായി പല പേരുകളിലുള്ള പല പകർച്ചപ്പനികളും മറ്റു പല പകർച്ചവ്യാധികളും കേരളത്തിൽ വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. ഈ പുതിയ പദ്ധതി അതിനൊക്കെ ഒരു പരിഹാരം കാണാൻ സഹായിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഈ പദ്ധതിയെ ഒരു പുതിയ കണ്ടുപിടിത്തമായി കാണേണ്ട കാര്യമൊന്നുമില്ല. എന്നായാലും അങ്ങനെ ഒരു പദ്ധതി നിലവിൽ വന്നേ മതിയാകൂ. ഇപ്പോൾ നിലവിലുള്ള സംവിധാനങ്ങളും വിദഗ്ധരെയും മാത്രം ഉപയോഗിച്ചുതന്നെ ഇതു നടപ്പിലാക്കാവുന്നതുമാണ്.
എല്ലാ വിഭാഗങ്ങളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു പ്രവർത്തനം നടത്തുക എന്നതാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട വിഷയം.
ഈ പദ്ധതി അതിശക്തമായി, കൂട്ടായ പ്രവർത്തനത്തിലൂടെ മുന്നോട്ടു പോകേണ്ടതാവശ്യമാണ്. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും വകുപ്പുകളും ഈ പദ്ധതിയുമായി ബന്ധപ്പെടുത്തണം.
മനുഷ്യരിലും മൃഗങ്ങളിലും പക്ഷികളിലുമുണ്ടാകാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങൾ എല്ലാം വിശകലനം ചെയ്യണം. മഹാമാരികൾ അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ ശരിയായ സമയത്തുതന്നെ കണ്ടെത്തണം. അവയെ പ്രതിരോധിക്കാനും ചികിത്സിക്കാനും കൂടുതലായി ശ്രദ്ധിക്കണം.
ആഹാരം ശുചിത്വമുള്ളതാകാനും ശ്രദ്ധിക്കണം. പോഷകസമൃദ്ധവും ആയിരിക്കണം. കീടനാശിനികളുടെ അംശം ഇല്ലാത്തതാകാനും ശ്രദ്ധിക്കണം. ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന എല്ലാ ശാസ്ത്ര സാങ്കേതിക അറിവുകളും ചർച്ചയ്ക്കു വിധേയമാക്കണം.
രോഗാണുക്കളുടെ ചെറുത്തുനിൽപിനെ ഇല്ലാതാക്കാനും മഹാമാരികൾ ഉണ്ടാകാതിരിക്കാനും നല്ല ആരോഗ്യമുള്ള ജനങ്ങൾ ഉണ്ടാകാനും അതു മാത്രമാണ് ഇനി നമ്മുടെ മുന്നിലുള്ള മാർഗം.