വിവാഹം എന്നാണ് എന്ന ചോദ്യം കേട്ട് മടുത്തെന്ന് ബോളിവുഡ് നടി തബു. അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിലാണ് താരം കാര്യം വ്യക്തമാക്കിയത്. അഭിമുഖത്തിനിടെ വിവാഹത്തെക്കുറിച്ചു ചോദിച്ചപ്പോഴാണ് ഇത്തരം ചോദ്യങ്ങൾ കേട്ട് മടുത്തെന്ന് താരം മറുപടി പറഞ്ഞത്. എന്നാൽ തബു അവിവാഹിതയായതിന് പിന്നിൽ അജയ് ദേവ്ഗണ് ആണ് എന്ന വാർത്തയുടെ സത്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ തബുവിന്റെ പ്രതികരണം ഒരു പൊട്ടിച്ചിരിയായിരുന്നു.
അത്തരം തലക്കെട്ട്, വാർത്ത വായിക്കാൻ ആളുകളെ പ്രേരിപ്പിച്ചു എന്നു പറഞ്ഞ തബു താനും അജയും നല്ല സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കി. വാർത്ത മുഴുവൻ വായിച്ച ആളുകൾക്ക് താൻ എന്താണ് പറഞ്ഞതെന്ന് മനസിലായി എന്നും തബു പറഞ്ഞു.തന്റെ ആദ്യ ചിത്രമായ വിജയ്പതിൽ അജയും ഉണ്ടായിരുന്നു. അന്നു മുതൽ തങ്ങൾ നല്ല സുഹൃത്തുക്കളാണ്.
ഗോൽമാൽ എഗെയ്ൻ ഷൂട്ട് ചെയ്യുന്ന സമയത്ത് താനും അജയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് അർഷാദ് വാർസി പറഞ്ഞതും താരം വെളിപ്പെടുത്തി. രണ്ട് താരങ്ങൾ തമ്മിൽ ഇത്ര നല്ല സൗഹൃദം കണ്ടിട്ടില്ലെന്നായിരുന്നു അർഷാദ് പറഞ്ഞത്.