ഭുവനേശ്വര്‍: സ്ത്രീധനമായി ഫലവൃക്ഷത്തൈകള്‍ നല്കിയാല് മതിയെന്ന് പ്രഖ്യാപിച്ചതോടെ ഗ്രാമത്തിലെ യുവാക്കള്‍ക്കിടയില്‍ ഒരു സൂപ്പര്‍ഹീറോയുടെ പരിവേഷമാണ് സരോജ് കാന്ത് ബിശ്വാള്‍ എന്ന അധ്യാപകന് ലഭിച്ചിരിക്കുന്നത്. വിവാഹം ഉറപ്പിച്ചപ്പോള്‍ വധുവിന്റെ വീട്ടുകാരോട് ഇതല്ലാതെ മറ്റൊരു നിബന്ധനയും സരോജിനുണ്ടായിരുന്നില്ല. സ്ത്രീധന സമ്പ്രദായത്തോട് തനിക്ക് എതിര്‍പ്പാണെന്ന് സരോജ് ഉറക്കെ പറയുന്നു. കുട്ടിക്കാലം മുതല്‍ തന്നെ താനൊരു തികഞ്ഞ പ്രകൃതിവാദിയാണെന്നും അതുകൊണ്ടാണ് വിവാഹം ഉറപ്പിച്ചപ്പോള്‍ സ്ത്രീധനമായി 1001 ഫലവൃക്ഷത്തൈകള്‍ നല്കിയാല് മതിയെന്ന് അവളുടെ ബന്ധുക്കളോട് താന്‍ ആവശ്യപ്പെട്ടതെന്നും സരോജ് പറഞ്ഞു. വധുഗൃഹത്തില്‍ വച്ച് വളരെ ലളിതമായ രീതിയിലാവും വിവാഹച്ചടങ്ങുകള്‍ നടക്കുക. വാദ്യഘോഷങ്ങളോ കരിമരുന്ന് പ്രകടനങ്ങളോ ഒന്നും വിവാഹത്തോടനുബന്ധിച്ചുണ്ടാവില്ലെന്നും വധുവിന്റെ ബന്ധുക്കള്‍ അറിയിച്ചു. സരോജിന്റെ പ്രതിശ്രുതവധു രശ്മിരേഖയും സ്കൂള്‍ അധ്യാപികയാണ്. തന്റെ തീരുമാനങ്ങളില്‍ അവള് പൂര്‍ണസന്തോഷവതിയാണെന്നും സരോജ് പറഞ്ഞു. ഇത്തരം ഒരു യുവാവിനെ കണ്ടുമുട്ടുന്നത് ഭാഗ്യമെന്നായിരിക്കും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പറയുന്നത്.
Read More