റാണു മൊണ്ടലിന്റെ ജീവിതം സിനിമയാകുന്നു ! റാണുവിന്റെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത് പ്രമുഖ നടി…

റെയില്‍വേ പ്ലാറ്റ്‌ഫോം ഗായികയില്‍ നിന്ന് ബോളിവുഡ് പിന്നണി ഗായികയായി കുതിച്ചുയര്‍ന്ന റാണു മൊണ്ടലിന്റെ അവിശ്വസനീയ ജീവിതം സിനിമയാകുന്നു. കൊല്‍ക്കട്ടയിലെ ഒരു റെയില്‍വേ പ്ലാറ്റ്‌ഫോമിലിരുന്ന് ഗാനം ആലപിക്കുന്നതിന്റെ വീഡിയോ ആരോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് റാണു മൊണ്ടല്‍ പ്രശസ്തയായത്. ഹൃഷികേഷ് മൊണ്ടലാണ് റാണുവിന്റെ ജീവിതം സിനിമയാക്കുന്നത്. റാണുവിനെ അവതരിപ്പിക്കുന്നതിനായി ബംഗാളി നടി സുദിപ്ത ചക്രബര്‍ത്തിയെ സമീപിച്ചതായാണ് പുതിയ വിവരം. ഇക്കാര്യം സുദിപ്ത ചക്രബര്‍ത്തി സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതിനാല്‍ അഭിനയിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും താരം വ്യക്തമാക്കിയതായാണ് വിവരം. റെയില്‍വേ സ്റ്റേഷനില്‍ നിന്നും പാടിയ പാട്ട് ഹിറ്റായത് മുതല്‍ ബോളിവുഡ് ചിത്രത്തില്‍ പാടുന്നത് വരെയുള്ള റാണുവിന്റെ ജീവിതമാണ് സിനിമയ്ക്കാധാരം. അതിനുമുമ്പുള്ള ജീവിതം സിനിമയില്‍ നിന്നും ഒഴിവാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടതായും ഹൃഷികേശ് മൊണ്ടല്‍ വ്യക്തമാക്കി.

Read More