കോവിഡ് പോരാളികള്‍ക്ക് ആദരം അര്‍പ്പിക്കുന്നതിനിടെ വിമാനം തകര്‍ന്നു വീണു; അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു…

കോവിഡിനെതിരായ പോരാട്ടത്തില്‍ അണിനിരന്നവര്‍ക്ക് ആദരമര്‍പ്പിച്ചു കൊണ്ട് പറക്കുന്നതിനിടെ കാനഡയില്‍ വ്യോമസേന വിമാനം തകര്‍ന്നു വീണു. അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബ്രിട്ടീഷ് കൊളംബിയയില്‍ ഇന്നലെയാണ് അപകടമുണ്ടായത്. കാംപ്‌ലൂപ്‌സ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന സ്‌നോബേര്‍ഡ്‌സ് എയറോബാറ്റിക്‌സ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പറന്നുയര്‍ന്ന് അല്‍പം കഴിഞ്ഞതോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തകര്‍ന്ന് വീണ വിമാനത്തില്‍ നിന്ന് പൈലറ്റ് പരുക്കുകളോടെ രക്ഷപെട്ടു. വിമാനത്താവളത്തിന് സമീപത്തെ വീടിന് മുകളിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. ഈ വീടിന് തീ പിടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനാപകടത്തിന്റെ വിവരങ്ങള്‍ കനേഡിയന്‍ വ്യോമസേനാ വിഭാഗവും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ദുഃഖം രേഖപ്പെടുത്തി.

Read More