തൃക്കാക്കരയില്‍ ഉമ തോമസിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് സിപിഎമ്മില്‍ ചേര്‍ന്നു. എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എം.ബി. മുരളീധരനാണ് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ എത്തിയത്. ഉമാ തോമസിനെ തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയതില്‍ കഴിഞ്ഞ ദിവസം മുരളീധരന് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചശേഷം തന്നോടുള്ള ഡിസിസിയുടെ സമീപനം ശരിയായ രീതിയില്‍ ആയിരുന്നില്ലെന്ന് ഇടതുനേതാക്കള്‍ക്കൊപ്പം വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ എം.ബി.മുരളീധരന് പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം പാര്‍ട്ടിയുടെ സജീവപ്രവര്ത്തകര്ക്കുള്ളതാണെന്നും പി.ടിയെ സഹായിക്കേണ്ടത് ഭാര്യയ്ക്ക് സ്ഥാനാര്‍ഥിത്വം നല്‍കിയല്ലെന്നുമാണ് മുരളീധരന് പറഞ്ഞത്. അതിനുശേഷം കോണ്‍ഗ്രസ് നേതാക്കള്‍ നല്ല രീതിയിലല്ല പെരുമാറിയതെന്നും മുരളീധരന് പറഞ്ഞു. ഇടതു സ്ഥാനാര്‍ഥി നേരിട്ടെത്തി പിന്തുണ തേടിയതിനാലാണ് ഇടതു മുന്നണിക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. തൃക്കാക്കര മണ്ഡലത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്താതെയാണ് കെപിസിസി തീരുമാനം എടുത്തത്. കൂടുതല്‍ പ്രാദേശിക നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ അതൃപ്തിയുണ്ടെന്നും എം.ബി. മുരളീധരന് പറയുന്നു.
Read More