കസാഖിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്ന് 14 പേര്‍ മരിച്ചു ! മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് സൂചന…

കസാഖിസ്ഥാനിലെ അല്‍മാട്ടിയില്‍ യാത്രാ വിമാനം തകര്‍ന്നു വീണു. ബെക് എയര്‍ കന്പനിയുടെ ഫോക്കര്‍-100 വിമാനമാണ് തകര്‍ന്നത്. 95 യാത്രക്കാരും അഞ്ച് ജീവനക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. 14 പേര്‍ മരിച്ചതായി കസാഖിസ്ഥാനിലെ വ്യവസായ അടിസ്ഥാന സൗകര്യ മന്ത്രാലയം സ്ഥിരീകരിച്ചു. മരിച്ചവരില്‍ ആറ് കുട്ടികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 7.22നായിരുന്നു സംഭവം. അല്‍മാട്ടിയില്‍ നിന്ന് രാജ്യതലസ്ഥാനമായ നൂര്‍സുല്‍ത്താനിലേക്ക് പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അല്‍മാട്ടി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം രണ്ട് നില കെട്ടിടത്തിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടകാരണം അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചു. അപകടത്തെത്തുടര്‍ന്നു ഫോക്കര്‍-100 വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ചു.

Read More