ഹോട്ടലില്‍ വിളമ്പിയ ഗ്രേവിയെ ചൊല്ലിയുള്ള തര്‍ക്കത്തിനെ തുടര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. വലിയതുറ സ്വദേശി അരുണിനാണ് ക്രൂരമായ മര്‍ദനമേറ്റത്. സംഭവത്തില്‍ ചാക്ക സ്വദേശികളായ രഞ്ജിത്, പ്രബിന്, ശ്യാം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വേളിയില്‍ ഞായറാഴ്ച ദിവസം രാത്രി ഏഴുമണിയോടെയാണ് ആക്രമണം ഉണ്ടായത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു മര്‍ദനമേറ്റ അരുണും മര്‍ദിച്ച സംഘവും. ഹോട്ടലിലെ ജീവനക്കാരനോട് ചോദിച്ച ഗ്രേവി ആദ്യം ഇവര്‍ക്ക് നല്‍കിയത് അരുണ്‍ ചോദ്യം ചെയ്തിരുന്നു. ഇത് തര്‍ക്കത്തിനിടയാക്കി.തുടര്‍ന്ന് ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങിയ അരുണിനെ പിന്നാലെയെത്തി മൂവരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നെഞ്ചിലും വയറിലും തലയ്ക്കും അരുണിന് പരിക്കേറ്റിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അരുണിന്റെ ആന്തരിക അവയവങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
Read More