ആരാധനാലയങ്ങള്‍ തുറക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കിയെങ്കിലും ക്ഷേത്രങ്ങള്‍ ഇപ്പോള്‍ തുറക്കേണ്ടതില്ലെന്ന നിലപാടുമായി ഹിന്ദു ഐക്യവേദി. വിശ്വാസികളുടെ എതിര്‍പ്പും ആശങ്കയും പരിഗണിച്ച് നേരത്തെ ക്രൈസ്തവ സഭകളും വിവിധ മുസ്ലീം മതവിഭാഗങ്ങളും തങ്ങള്‍ക്ക് കീഴിലുള്ള ആരാധനാലയങ്ങള്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹിന്ദു ഐക്യവേദിയും സമാനനിലപാട് എടുക്കുന്നത്. ഇപ്പോള്‍ തിരക്കിട്ട് ക്ഷേത്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍വി ബാബു പറഞ്ഞു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ ഒരു കാരണവശാലും ഭക്തര്‍ക്കായി തുറന്നു കൊടുക്കരുത്. ഹിന്ദു സംഘടനകളുടെ അഭിപ്രായം തേടാതെയാണ് സര്‍ക്കാര്‍ ക്ഷേത്രം തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തതെന്നും ആര്‍വി ബാബു പറഞ്ഞു. ഹിന്ദു ഐക്യവേദിയുടേയും ക്ഷേത്രസംരക്ഷണസമിതിയുടേയും കീഴിലുള്ള അറുന്നൂറോളം ക്ഷേത്രങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് വ്യക്തമാക്കിയ ആര്‍വി ബാബു ഭക്തര്‍ ക്ഷേത്രദര്‍ശനത്തില്‍ നിന്നും പരമാവധി വിട്ടു നില്‍ക്കണമെന്നും ആവശ്യപ്പെട്ടു.
Read More