സ്വകാര്യദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ ജീവനൊടുക്കി കോളജ് വിദ്യാര്‍ഥികള്‍. കര്‍ണാടകയിലെ ദേവനാഗിരിയിലുള്ള സ്വകാര്യ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളാണ് ജീവനൊടുക്കിയത്. കാംപസിന്റെ ടെറസില്‍ വെച്ച് ഇരുവരും ചേര്‍ന്നുള്ള സ്വകാര്യ ദൃശ്യങ്ങള്‍ മറ്റൊരാള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ജൂലൈ 25നായിരുന്നു 3.21 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പ്രചരിക്കപ്പെട്ടത്. സംഭവമറിഞ്ഞതോടെ പെണ്‍കുട്ടി വെള്ളിയാഴ്ച വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ മരണവാര്‍ത്തയറിഞ്ഞതിന് പിന്നാലെ യുവാവും ജീവനൊടുക്കിയതായി പോലീസ് അറിയിച്ചു. ഇരുവരുടെയും മാതാപിതാക്കള്‍ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇരുവരുടെയും അനുവാദമില്ലാതെ വീഡിയോ പകര്‍ത്തിയ വ്യക്തിയെ കണ്ടെത്തണമെന്നും ഉചിതമായ ശിക്ഷ ഉറപ്പാക്കണമെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ദേവനാഗിരി പോലീസ് അറിയിച്ചു. കര്‍ണാടകയിലെ ഉഡുപ്പിയില്‍ വാഷ്റൂമില്‍ സഹപാഠിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവം വന്വിവാദമായിരിക്കുന്നതിനിടെയാണ് പുതിയ സംഭവം.
Read More