ഏഴു മണിക്കൂര്‍ കനത്തവെള്ളക്കെട്ടില് നിന്ന് വാഹനയാത്രക്കാര്‍ക്ക് മാന്‍ഹോളിനെക്കുറിച്ച് മുന്നറിയിപ്പ് നല്കുമ്പോള് പ്രതിഫലമായി ഈ സ്ത്രീ മനസ്സില്‍ ഒന്നും ആഗ്രഹിച്ചിരുന്നില്ല. പക്ഷേ ഇന്ന് രാജ്യമെങ്ങും ഈ പ്രവൃത്തിയെ അനുമോദിക്കുകയാണ്. ആരാണ് ഈ സ്ത്രീ എന്ന ചോദ്യത്തിന് ഉത്തരവും ഇപ്പോള്‍ കണ്ടെത്തി. കനത്ത മഴയില്‍ വെള്ളക്കെട്ടായ മുംബൈ റോഡില്‍ തുറന്നിരുന്ന മാന്‍ഹോളിന് മുന്നില്‍ മണിക്കൂറുകളോളം മഴ നനഞ്ഞ് നിന്നാണ് കാന്ത മുര്‍ത്തി എന്ന 50കാരി അപകടങ്ങളില്‍ നിന്നും യാത്രക്കാരെ രക്ഷിച്ചത്. ഈ വിഡിയോ മറ്റൊരാള്‍ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചപ്പോഴാണ് രാജ്യമെങ്ങും വൈറലായത്. തെരുവില്‍ പൂക്കള്‍ വിറ്റ് ജീവിക്കുന്ന ഈ സ്ത്രീ ആരും അപകടത്തില്‍പ്പെടരുത് എന്ന ചിന്തയിലാണ് തുറന്നിരുന്ന മാന്‍ഹോളിന് മുന്നില്‍ കാവല്‍ നിന്നത്. എന്നാല്‍ സംഭവസ്ഥലത്തെത്തിയ ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് അധികൃതര്‍ ഇക്കാര്യത്തില്‍ വഴക്ക് പറഞ്ഞുവെന്നാണ് ഇവര്‍ ഇപ്പോള്‍ പറയുന്നത്. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതായിരുന്നുവെന്നാണ് ഇതറിഞ്ഞ ഏവരും ഇപ്പോള്‍ പറയുന്നത്.
Read More