തെരുവില്‍ കാളയെ വളഞ്ഞ് രണ്ടു സിംഹങ്ങള്‍ ! ജീവനുവേണ്ടി കാളയുടെ പോരാട്ടം; ഗുജറാത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വൈറല്‍…

വന്യജീവികള്‍ കാടിറങ്ങുന്നത് ഇപ്പോള്‍ ഒരു വാര്‍ത്തയല്ല. മനുഷ്യര്‍ കാട് കൈയ്യേറുന്നതനുസരിച്ചാണ് മിക്കപ്പോഴും മൃഗങ്ങള്‍ കാടിറങ്ങുന്നത്. കാലാവസ്ഥയില്‍ ഉണ്ടാവുന്ന മാറ്റങ്ങളും മറ്റൊരു കാരണമാണ്. ഇര തേടി കാടിറങ്ങുന്ന പുലിയും കടുവയും അടക്കമുള്ള വന്യജീവികളുടെ ലക്ഷ്യം കന്നുകാലികളാണ്. ഗുജറാത്തില്‍ നിന്നുള്ള ഒരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. റോഡില്‍ നിന്നിരുന്ന കാളയെ ലക്ഷ്യമാക്കി എത്തിയ സിംഹങ്ങളുടെ ദൃശ്യമാണിത്. ഗുജറാത്തിലെ ജുനഗഡിലാണ് സംഭവം നടന്നത്. ഗ്രാമത്തില്‍ ഇരുട്ടിന്റെ മറവില്‍ ഇര തേടിയിറങ്ങിയ രണ്ട് സിംഹങ്ങളാണ് കാളയെ വേട്ടയാടാനെത്തിയത്. കൊമ്പ് കുലുക്കിയും സമീപത്തേക്ക് എത്തിയ സിംഹത്തെ കുത്താനാഞ്ഞുമൊക്കെ കാള ചെറുത്തു നിന്നു. പല തവണ സിംഹങ്ങള്‍ കാളയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴും കാള സധൈര്യം അവയെ നേരിടുകയായിരുന്നു. ഒടുവില്‍ കാള അവിടെനിന്നും മറ്റൊരു സ്ഥലത്തേക്ക് നടന്നകന്നു. സിംഹങ്ങള്‍ കാളയെ പിന്തുടര്‍ന്നെങ്കിലും ഒടുവില്‍ രക്ഷയില്ലെന്ന് കണ്ട് മടങ്ങുകയായിരുന്നു. സമീപത്തുണ്ടായിരുന്ന സിസിടിവിയിലാണ് ദൃശ്യം പതിഞ്ഞത്.

Read More