ചക്കയെച്ചൊല്ലിയുള്ള വഴക്കിനെത്തുടര്‍ന്ന് സ്വന്തം വീടിന് തീയിട്ട് യുവാവ്. മക്കളുടെ പുസ്തകങ്ങളും പത്താംക്ലാസ് പരീക്ഷയുടെ ഹാള്‍ടിക്കറ്റും വസ്ത്രങ്ങളുമെല്ലാം കത്തിനശിച്ചു. സംഭവത്തില്‍ അവിണിശേരി ചെമ്പാലിപ്പുറത്ത് വീട്ടില്‍ സജേഷ് (46)നെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. സജേഷിന്റെ അച്ഛന് ശ്രീധരന്റെ പരാതിയിലാണ് അറസ്റ്റ്. ശ്രീധരന് മകളുടെ വീട്ടില്‍നിന്ന് ചക്ക കൊണ്ടു വന്നതുമായി ബന്ധപ്പെട്ടാണ് സജേഷ് വീട്ടില്‍ വഴക്കുണ്ടായത്. വഴക്കിനെത്തുടര്‍ന്ന് സജേഷിന്റെ മക്കളെയും കൂട്ടി ശ്രീധരനും ഭാര്യയും മകളുടെ വീട്ടിലേക്കു പോയി. ഇതിന് പിന്നാലെ സജേഷ് വീടിന് തീയിടുകയായിരുന്നു. വീടിനു തീയിട്ട കാര്യം അയല്‍വാസികളാണ് ശ്രീധരനെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ഉടന്‍ അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തീയണച്ചു. സജേഷിന്റെ ഭാര്യ വിദേശത്താണ്. സജേഷിന്റെ രണ്ടു പെണ്മക്കളില് ഒരാള്‍ പത്താംക്ലാസിലും ഒരാള്‍ എട്ടാംക്ലാസിലുമാണ് പഠിക്കുന്നത്.
Read More