മണര്‍കാട്: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന് ഇന്നു മുതല്‍ തുടക്കം. ഡോ. കുര്യാക്കോസ് മാര്‍ ക്ലിമ്മിസിന്റെ കാര്‍മികത്വത്തില്‍ ഇന്ന് പുലര്‍ച്ചെ ആറിന് കരോട്ടെ പള്ളിയില്‍ കുര്‍ബാനയും രാവിലെ 8.30ന് ഡോ. തോമസ് മാര്‍ തിമോത്തിയോസിന്റെ കാര്‍മികത്വത്തില്‍ താഴത്തെ പള്ളിയില്‍ മൂന്നിന്മേല് കുര്‍ബാനയും നടന്നു. ഉച്ചയ്ക്കു രണ്ടിന് പള്ളിയിലേക്കു കൊടിമര ഘോഷയാത്രയും വൈകിട്ട് നാലിനു കൊടിമരം ഉയര്‍ത്തല്‍ ചടങ്ങും നടക്കും. പെരുനാള് ദിനങ്ങളില്‍ താഴത്തെ പള്ളിയില്‍ സഭയിലെ ബിഷപ്പുമാരുടെ മുഖ്യ കാര്‍മികത്വത്തില്‍ എല്ലാ ദിവസവും മൂന്നിന്മേല് കുര്‍ബാനയും ആറിന് അഞ്ചിന്മേല് കുര്‍ബാനയും ഉണ്ടായിരിക്കും. ആറിനു പ്രസിദ്ധമായ റാസയും ഏഴിനു പ്രസിദ്ധമായ നടതുറക്കല്‍ ചടങ്ങും നടക്കും. പെരുന്നാളിനോടനുബന്ധിച്ച് പള്ളിയിലെ വൈദ്യുതി ദീപാലങ്കാരങ്ങളുടെ പ്രദര്‍ശനം 14വരെ ഉണ്ടായിരിക്കും. സന്ധ്യാനമസ്കാരത്തെത്തുടര്‍ന്ന് പതിനാലിനു വൈകിട്ട് ആറിനു നട അടയ്ക്കും.
Read More