തിരുവനന്തപുരം: എംജി സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീലിനെതിരേ വീണ്ടും ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജിവയ്ക്കണമെന്നും സർവകലാശാലകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 140 കുട്ടികൾക്ക് സർവകലാശാല മാർക്ക് കൂട്ടി നൽകിയിട്ടുണ്ട്. 60 അപേക്ഷകൾ പരിഗണിക്കാനിരിക്കുന്നു. മന്ത്രിയുടെ അറിവോടെയാണ് ഈ മാർക്ക് തട്ടിപ്പ് നടക്കുന്നത്. കഷ്ടപ്പെട്ട് പഠിച്ച് മാർക്കു വാങ്ങുന്നവരെ അപമാനിക്കുന്നതിന് തുല്യമാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനധികൃതമായി മാർക്ക് കൂട്ടി നൽകാനുള്ള സിൻഡിക്കേറ്റിന്റെ നടപടി സർവകലാശാല മാന്വലിന് വിരുദ്ധമാണ്. ഏത് ചട്ടം അനുസരിച്ചാണ് മാർക്ക് കൂട്ടി നൽകിയതെന്ന് വ്യക്തമാക്കാൻ മന്ത്രിയും വിസിയും തയാറാകണമെന്നും ഇക്കാര്യത്തിൽ ഇരുവരും പറയുന്നത് കള്ളമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Read More