ഫയര്‍ഫോക്സ് ബ്രൗസറിന് ഹാക്കര്‍ ആക്രമണ ഭീഷണിയുണ്ടെന്ന മുന്നറിയിപ്പുമായി, കേന്ദ്ര സര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ ഏജന്‍സിയായ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സെര്‍ട് ഇന്‍). ഹാക്കര്‍മാര്‍ക്കു കടന്നുകയറാനാവുന്ന ബഗുകള്‍ മോസില്ല ഫയര്‍ ഫോക്സില്‍ ഉണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടന്ന് ഉപകരണത്തില്‍ കയറിക്കൂടാന്‍, അകലത്തിരുന്ന് ആക്രമണം നടത്തുന്ന ഹാക്കര്‍മാര്‍ക്കു സഹായകരമാവുന്ന ബഗുകള്‍ ഉണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ഉപയോക്താക്കളെ പ്രേരിപ്പിച്ചുകൊണ്ട് ഇത്തരം ഒരു ആക്രമണം നടത്താന്‍ ഹാക്കര്‍മാര്‍ക്കു കഴിയും. മോസില്ലയുടെ ഏറ്റവും പുതിയ വേര്‍ഷനിലേക്കു മാറാനാണ് സെര്‍ട് ഇന്‍ ഉപയോക്താക്കളെ ഉപദേശിക്കുന്നത്. ഗൂഗിള്‍ ക്രോമിന്റെ ഡെസ്ക് ടോപ്പ് വേര്‍ഷനില്‍ സൈബര്‍ ആക്രമണത്തിനു സാഹചര്യമൊരുക്കുന്ന പിഴവുകളുണ്ടെന്ന കഴിഞ്ഞയാഴ്ച സെര്‍ട് ഇന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഇപ്പോള്‍ മോസില്ല ഫയര്‍ഫോക്സിലും പിഴവുകളുണ്ടെന്ന വിവരം പുറത്തു വന്നതോടെ ഉപയോക്താക്കളാകെ ആശങ്കയിലായിരിക്കുകയാണ്.
Read More