ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് രാജ്യത്ത് നിരോധിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. 2022ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഇന്ത്യയില്‍ നിന്ന് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണു പുതിയ തീരുമാനം. കപ്പുകള്‍, പ്ലേറ്റുകള്‍, സ്ട്രോകള്‍, ക്യാരിബാഗുകള്‍ തുടങ്ങിയവയ്ക്കും ചെറിയ കുപ്പികള്‍, ഷാംപൂ തുടങ്ങിയവയ്ക്കുപയോഗിക്കുന്ന സാഷെകള്‍ തുടങ്ങിയവയ്ക്കുമാണു നിരോധനം. ഇത്തരം വസ്തുക്കളുടെ നിര്‍മാണവും ഇറക്കുമതിയും ഉപയോഗവും കര്‍ശനമായി തടയും. ആറു മാസത്തിനു ശേഷം ഇതുപയോഗിക്കുന്നതിനു ശിക്ഷാ നടപടികളും എടുക്കുമെന്നാണ് അറിയുന്നത്. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരെ ഗാന്ധിജയന്തി ദിനത്തില്‍ വലിയ ചുവടുവയ്ക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. 1.4 കോടി ടണ്‍ പ്ലാസ്റ്റിക്കാണ് പ്രതിവര്‍ഷം ഇന്ത്യ ഉപയോഗിക്കുന്നത്. ആറ് പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിച്ചാല്‍ത്തന്നെ ഇതില്‍ അഞ്ച് മുതല്‍ 10 % വരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.
Read More