കൊട്ടക്കമ്പൂരില്‍ ലോക്ഡൗണ്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായി സ്ഥാപിച്ച ജലസംഭരണിയില്‍ നിന്നുള്ള വെള്ളം കുടിച്ച നായ പിടഞ്ഞു ചത്തു. ജല സംഭരണിയില്‍ സാമൂഹിക വിരുദ്ധര്‍ ആരോ വിഷം കലര്ത്തിയതിനെത്തുടര്ന്നാണിതെന്ന് പിന്നീട് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കടയിലെത്തുന്നവരും ഇതേ സംഭരണിയില്‍നിന്നാണ് വെള്ളം കുടിക്കുന്നത്. ഇവരൊക്കെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കൊട്ടാക്കമ്പൂരില്‍ പ്രവത്തിക്കുന്ന മുരുകമണിയുടെ പലചരക്കുകടയുടെ മുമ്പിലാണ് കുടിവെള്ളസംഭരണി സ്ഥാപിച്ചിരുന്നത്. വെള്ളിയാഴ്ച കട തുറക്കുന്നതിനെത്തിയ മുരുകമണി ഇവിടെനിന്ന് വെള്ളമെടുത്ത് കൈകാലുകള്‍ കഴുകി. കട തുറക്കുന്നസമയത്ത് താഴെവീണ വെള്ളം അവിടെയുണ്ടായിരുന്ന മുരുകമണിയുടെ നായ കുടിച്ചു. കുറച്ചുസമയത്തിനുശേഷമാണ് നായയുടെ വായില്‍നിന്ന് നുരയും പതയും വരുന്നത് ശ്രദ്ധിക്കുന്നത്. ഉടന്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും ചത്തു. സ്ഥലത്തെത്തിയ ആരോഗ്യവകുപ്പുദ്യോഗസ്ഥരും പോലീസും നടത്തിയ പരിശോധനയില്‍, കുടിവെള്ളസംഭരണിയില്‍ കറുത്ത നിറത്തിലുള്ള വിഷദ്രാവകം കലര്‍ത്തിയതായി കണ്ടെത്തി. മുരുകമണിയോട് മുന്‍ വൈരാഗ്യമുള്ള ചിലരാണ് ഇതിനു പിന്നിലെന്ന് പോലീസ് പറയുന്നു.
Read More