തിരുവനന്തപുരം: വാക്കുതർക്കത്തിനിടയിൽ ഡിവൈഎസ്പി ഹരികുമാർ പിടിച്ചുതള്ളിയ യുവാവ് വാഹമിടിച്ച് മരിച്ച സംഭവം സർക്കാർ സ്പോണ്‍സേഡ് കൊലപാതകമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഡിവൈഎസ്പിയുടെ ഉന്നത രാഷ്ട്രീയ ബന്ധമാണ് അറസ്റ്റ് വൈകാൻ കാരണം. ഇയാളെ ഉടൻ പിടികൂടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാത്രി മണലൂർ ചിത്തിരവിളാകം വീട്ടിൽ സനൽകുമാർ (32) ആണ് മരിച്ചത്. സംഭവത്തിൽ ഡിവൈഎസ്പി ഹരികുമാറിനെതിരേ കൊലപാതകക്കുറ്റത്തിനു പോലീസ് കേസെടുത്തിരുന്നു. സംഭവത്തിനുശേഷം ഒളിവിൽപോയ ഡിവൈഎസ്പിയെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തിട്ടുണ്ട്. കൊടങ്ങാവിള ജംഗ്ഷനിൽ വാഹനം പാർക്ക് ചെയ്തതിനെച്ചൊല്ലിയാണ് ഡിവൈഎസ്പി ഹരികുമാറും സനൽകുമാറും തമ്മിൽ വാക്കുതർക്കവുമുണ്ടായത്. ഇതിനിടയിൽ ഹരികുമാർ സനലിനെ പിടിച്ചുതള്ളി. പിറകിലേക്ക് ആഞ്ഞ സനലിനെ അതുവഴിയെത്തിയ കാർ ഇടിച്ചുവീഴ്ത്തി. സനലിനെ ആദ്യം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More