സ്‌കൂള്‍ യൂണിഫോമില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പ്ലസ്ടുക്കാരന്‍ താലിചാര്‍ത്തുന്ന ദൃശ്യം ! പ്രചരിപ്പിക്കുന്നവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി

മൂവാറ്റുപുഴ;പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂള്‍ യൂണിഫോമില്‍ പ്ലസ്ടു വിദ്യാര്‍ഥി വിവാഹം ചെയ്യുന്ന മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റൂറല്‍ ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍.നായര്‍ അറിയിച്ചു. മൂവാറ്റുപുഴ ഉപജില്ലയിലുള്ള സ്‌കൂളിലെ വിദ്യാര്‍ഥിനിയെ വിവാഹം ചെയ്യുന്ന ദൃശ്യങ്ങള്‍ പലതരം അടിക്കുറുപ്പുകളോടെയാണ് പ്രചരിപ്പിക്കുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഡിജിപിക്കു പരാതി നല്‍കിയതോടെ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വിവാഹം ചെയ്യുന്നതായി പറയുന്ന യുവാവ് തന്റെ മൊബൈലില്‍ സുഹൃത്തിന്റെ സഹായത്തോടെയാണ് വിഡിയോ പകര്‍ത്തിയത്. ഇതിനു ശേഷം ഇയാള്‍ സാമൂഹ മാധ്യമങ്ങളില്‍ ഇതു പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. എന്തായാലും വീഡിയോ പ്രചരിപ്പിക്കുന്നവരെ കാത്തിരിക്കുന്നത് നല്ല ഉഗ്രന്‍ പണിയാണെന്നു ചുരുക്കം.

Read More