ആകാശപ്പാതയുടെ മേല്‍ക്കൂരയില്‍ വലിഞ്ഞു കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ്. ഇയാളെ ഒടുവില്‍ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി. മുംബൈ നാനാ ചൗക്കില്‍ ബുധനാഴ്ചയായിരുന്നു 24-കാരന്റെ പരാക്രമം അരങ്ങേറിയത്. ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മേല്‍ക്കൂരയ്ക്ക് മുകളില്‍ യുവാവ് കയറിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയായിരുന്നു. ഇയാളോട് താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വഴങ്ങിയില്ല. തുടര്‍ന്ന് പോലീസുകാരില്‍ ഒരാള്‍ യുവാവിനെ പിടികൂടുകയും ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തുകയുമായിരുന്നു. രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഇയാളെ രക്ഷപ്പെടുത്തിയത്. കുഷ്യന് അടക്കമുള്ള സംവിധാനങ്ങള്‍ രക്ഷാസേന തയ്യാറാക്കി നിര്‍ത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടിരുന്നു.
Read More