ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാൻ -3 ബഹിരാകാശ പേടകം ചന്ദ്രന്റെ ഉപരിതലത്തിന് 100 കിലോമീറ്റർ അടുത്താണ് ഇപ്പോഴുള്ളത്. പേടകത്തിന്റെ അഞ്ചാമത്തെ ഭ്രമണപഥം താഴ്ത്തൽ ഇന്നലെ വിജയകരമായി പൂർത്തിയാക്കി. ഇനി ലാൻഡറും റോവറും ഉൾപ്പെടുന്ന ലാൻഡർ മൊഡ്യൂളിനെ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപെടുത്തുന്ന പ്രക്രിയയാണു നടക്കാനുള്ളത്. അത് ഇന്നു പൂർത്തിയാക്കും. ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ-3 അഞ്ചിനാണ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. തുടർന്ന് 6, 9, 14 തീയതികളിൽ ഭ്രമണപഥം താഴ്ത്തി. ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയിൽ സോഫ്റ്റ് ലാൻഡിംഗ് 23 നു ശ്രമിക്കുമെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ അറിയിച്ചു. ലാൻഡറിന്റെ വേഗം 30 കിലോമീറ്റർ ഉയരത്തിൽനിന്ന് ലാൻഡിംഗിലേക്ക് എത്തിക്കുന്ന പ്രക്രിയയാണ് ഏറ്റവും നിർണായകമായ ഭാഗമെന്നും ബഹിരാകാശ പേടകത്തെ തിരശ്ചീനത്തിൽനിന്ന് ലംബദിശയിലേക്ക് മാറ്റാനുള്ള ശ്രമമാണ് ഇനി ഏറ്റവും സങ്കീർണമെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.
Read More