കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ പിഡബ്യുഡി സെക്രട്ടറി ടി.ഒ. സൂരജ് ഉൾപ്പെടെ നാലു പേരെ വിജിലൻസ് അറസ്റ്റ് ചെയ്തു. ടി.ഒ. സൂരജിനെ കൂടാതെ നിർമാണ കന്പനി ആർഡിഎക്സ് പ്രോജക്ട് എംഡി സുമിത് ഗോയൽ, കിറ്റ്കോ മുൻ എംഡി ബെന്നി പോൾ, ആർഡിബിഡിസികെ ഉദ്യോഗസ്ഥൻ തങ്കച്ചൻ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. അഴിമതി, ഗൂഡാലോചന, വഞ്ചന, ഫണ്ട് ദുർവിനിയോഗം എന്നിവയാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇവരെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും. വ്യാഴാഴ്ച കൊച്ചിയിലെ വിജിലൻസ് ഓഫീസിലേക്ക് സൂരജിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ടി.ഒ. സൂരജ് പൊതുമരാമത്ത് സെക്രട്ടറിയായിരിക്കുന്പോഴാണ് പാലാരിവട്ടം മേൽപ്പാലത്തിന് കരാർ നൽകിയത്. മേൽപ്പാലത്തിന്റെ ടെൻഡർ നടപടിമുതൽ അഴിമതി നടന്നതായാണ് വിജിലൻസിന്റെ കണ്ടെത്തൽ. ടെൻഡർ നടപടിയെക്കുറിച്ച് സൂരജിന് അറിയാമായിരുന്നു. രൂപകൽപ്പനയ്ക്ക് അംഗീകാരം നൽകിയത് സൂരജിന്റെ കാലത്തായിരുന്നു. രൂപകൽപ്പനയിൽ ഗുരുതര പിഴവുണ്ടെന്ന് വിദഗ്ധർ കണ്ടെത്തിയിട്ടുണ്ടെന്നും വിജിലൻസ് അന്വേഷണസംഘം വ്യക്തമാക്കി.
Read More