ന്യൂഡൽഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് സ്ഥാനത്തുനിന്നു രാജിവച്ച റിട്ട. ജസ്റ്റിസ് താഹിൽ രമണിക്കെതിരേ സിബിഐ അന്വേഷണം. താഹിൽ രമണിക്കെതിരേ നിയമനടപടികളുമായി മുന്നോട്ടുപോകാൻ സിബിഐക്കു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അനുമതി നൽകി. തമിഴ്നാട്ടിലെ ഒരു മന്ത്രിക്കെതിരായ തട്ടിപ്പുകേസിൽ പണം വാങ്ങി വിധി പ്രഖ്യാപിച്ചെന്നാണു കേസ്. താഹിൽ രമണി ചെന്നൈയിൽ ഫ്ളാറ്റ് സ്വന്തമാക്കിയെന്നും വസ്തു വാങ്ങാൻ കൈക്കൂലി പണമാണ് ഉപയോഗിച്ചതെന്നു ആരോപിക്കപ്പെടുന്നു. 3.18 കോടി രൂപയുടെ രണ്ട് ഫ്ളാറ്റുകളാണു താഹിൽ രമണി വാങ്ങിയത്. ഇതിൽ ഒന്നരക്കോടി വായ്പയെടുത്തതാണ്. ബാക്കി തുകയുടെ സ്രോതസ് വെളിപ്പെടുത്തിയിട്ടില്ലെന്നു സിബിഐ ചൂണ്ടിക്കാട്ടുന്നു. മേഘാലയ ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റിയതിനെ തുടർന്നാണു താഹിൽ രമണി രാജിവച്ചത്. ഇതിനെതിരേ താഹിൽ രമണി അപ്പീൽ നൽകിയെങ്കിലും ഹർജി സുപ്രീംകോടതി കൊളീജിയം തള്ളി. രാജ്യത്തെ ഏറ്റവും സീനിയർ ജഡ്ജിമാരിലൊരാളാണു വിജയ താഹിൽ രമണി.
Read More