പരിക്കേറ്റ് അബോധാവസ്ഥയില്‍ തറയില്‍ കിടന്ന ആളുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ആഗ്ര പോലീസ് നടപടിയെടുത്തത്. അബോധാവസ്ഥയില്‍ കിടക്കുന്നയാളുടെ ദേഹത്തേക്ക് മൂത്രമൊഴിക്കുന്നതും തലയില്‍ തൊഴിക്കുന്നതും 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വ്യക്തമാണ്. പരിക്കേറ്റു കിടന്നയാളെ യുവാവും സുഹൃത്തുക്കളും അസഭ്യം വിളിക്കുന്നുമുണ്ട്. മൂന്നു-നാലു മാസം മുമ്പുണ്ടായ സംഭവമാണ് ഇപ്പോള്‍ വൈറലായ വീഡിയോ എന്നും, അതിക്രമം കാണിച്ച മറ്റു പ്രതികളെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സൂരജ് കുമാര്‍ റായ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ഒരു പോലീസ് സ്റ്റേഷനിലും ഇരയായ വ്യക്തി പരാതി നല്‍കിയിട്ടില്ല. എന്നാല്‍ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ആദിത്യ എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും ഡിസിപി അറിയിച്ചു.
Read More