ചെങ്ങന്നൂരിലെ പൈപ്പില്‍ നിന്നു പുറത്തു വന്ന ഭൂഗര്‍ഭ മത്സ്യത്തെ കണ്ട് നാട്ടുകാര്‍ ഞെട്ടി ! മത്സ്യത്തിന്റെ മുതുകില്‍ ചിറകുകള്‍…

ചെങ്ങന്നൂരിലെ ഇടനാട്ടില്‍ അപൂര്‍വ ഇനം ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തി. ഇടനാട് ഗവ.ജെബിഎസ് അധ്യാപിക ചന്ദനപ്പള്ളിയില്‍ നീന രാജനാണ് വീട്ടിലെ കിണറ്റില്‍നിന്നു മത്സ്യത്തെ കിട്ടിയത്. കിണര്‍ വെള്ളത്തിലൂടെ ടാപ്പില്‍ എത്തുകയായിരുന്നു കുഞ്ഞന്‍ മത്സ്യം. ഫിഷറീസ് വകുപ്പില്‍ വിവരം അറിയിച്ചു. ഹൊറഗ്ലാനിസ് ജനുസ്സില്‍പ്പെട്ട ഭൂഗര്‍ഭ മത്സ്യമാണെന്നാണു പ്രാഥമിക നിഗമനം. ഉദ്യോഗസ്ഥര്‍ എത്തി പരിശോധിച്ചെങ്കിലേ കൂടുതല്‍ വ്യക്തമാകൂ. ചുവന്ന നിറത്തിലുള്ള മത്സ്യത്തിന്റെ മുതുകില്‍ എഴുന്നു നില്‍ക്കുന്ന ചിറകുകളുണ്ട്. കാഴ്ചയില്ലാത്ത മത്സ്യം ഭൂമിയുടെ ഉള്ളറകളില്‍ ശുദ്ധജലം നിറഞ്ഞ സ്ഥലങ്ങളിലാകും ജീവിക്കുകയെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആഴമേറിയ കിണറുകളിലേക്ക് ഇവ എത്താനും സാധ്യതയുണ്ട്. പ്രളയം ശക്തമായി അനുഭവപ്പെട്ട പ്രദേശമാണ് ഇടനാട്. പ്രളയത്തെ തുടര്‍ന്ന് സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കു പുറത്തെത്തിയതാകാം മത്സ്യം എന്നാണ് വിദഗ്ധരുടെ അനുമാനം. ഈയിടെ തിരുവല്ലയില്‍ വരാല്‍ ഇനത്തില്‍പ്പെട്ട അപൂര്‍വ ഇനം ഭൂഗര്‍ഭമത്സ്യത്തെ കണ്ടെത്തിയിരുന്നു. എന്തായാലും മത്സ്യത്തെ കാണാന്‍ നാട്ടുകാരുടെ തിരക്കാണ് ഇപ്പോള്‍.

Read More