കൊച്ചി: കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായി ജോലിക്ക് കയറിയവര്‍ ആ ജോലി തന്നെ ചെയ്യണമെന്ന് ഹൈക്കോടതി. കണ്ടക്ടറായി ജോലിയില്‍ പ്രവേശിച്ച ശേഷം ആ ജോലി ചെയ്യാതെ ഓഫീസ് ഡ്യൂട്ടി ഉള്‍പ്പെടെയുള്ള ഇതരഡ്യൂട്ടികള് ചെയ്തു വന്നിരുന്ന വനിതാ കണ്ടക്ടര്‍മാരോടാണ് കോടതിയുടെ ഉത്തരവ്. ടോമിന് തച്ചങ്കരി സിഎംഡിയായി ചുമതലയേറ്റതോടെ കണ്ടക്ടര്‍മാരായി ജോലിയില്‍ പ്രവേശിച്ചവരെ അദര്‍ ഡ്യൂട്ടി ചെയ്യുന്നതില്‍ നിന്നു വിലക്കിക്കൊണ്ട് ഉത്തരവു പുറപ്പെടുവിച്ചിരുന്നു. തച്ചങ്കരിയുടെ ഉത്തരവിനെതിരെ 32 വനിതാ കണ്ടക്ടര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഇപ്പോള്‍ കോടതി തള്ളിക്കളഞ്ഞത്. ഇതര ഡ്യൂട്ടികള്‍ അവസാനിപ്പിച്ച കെഎസ്ആര്‍ഡിസി എംഡിയുടെ ഉത്തരവ് കോടതി ശരിവയ്ക്കുകയായിരുന്നു. ക്ലര്‍ക്കുമാരുടെ ഡ്യൂട്ടി എട്ടു മണിക്കൂറാക്കിയ നടപടിയും ശരിവെച്ചു. ഇതോടെ ഹര്‍ജിയില്‍ പരാതിക്കാരായ 32 വനിതകളും ഇനി കണ്ടക്ടര്‍മാരായി റൂട്ടിലേക്ക് പോകേണ്ടി വരും. കെഎസ്ആര്‍ടിസിയെ ശുദ്ധീകരിക്കാനുള്ള തച്ചങ്കരിയുടെ നിലപാടുകളുടെ വിജയമായി വിലയിരുത്തപ്പെടുകയാണ് ഈ കോടതി വിധി.
Read More