പറവൂർ: കുടുംബവഴക്കിനിടെ ചുറ്റികകൊണ്ടു ഭാര്യയുടെ തലയ്ക്കടിച്ച സംഭവത്തിൽ ഭർത്താവിനെതിരേ പോലീസ് കേസെടുത്തു. പറയകാട് വേട്ടുംതറ രാജേഷി (42) നെതിരേ വടക്കേക്കര പോലീസാണു കേസെടുത്തത്.
കഴിഞ്ഞ 11നായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഭാര്യ സുമയെ ചാലാക്ക മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ശേഷം രാജേഷ് ഒളിവിൽ പോയി.
ഇവർ തമ്മിൽ വിവാഹമോചനത്തിനു കേസ് നടക്കുന്നുണ്ടെങ്കിലും ഒരു വീട്ടിലായിരുന്നു താമസം.
രണ്ടുപേരുടെയും മുറികളിൽ നിരീക്ഷണ കാമറ സ്ഥാപിച്ചിരുന്നു. സംഭവ ദിവസം സുമയുടെ മുറിയിലെ കാമറയുടെ കണക്ഷൻ വിച്ഛേദിച്ചതു സംബന്ധിച്ചുണ്ടായ തർക്കത്തെത്തുടർന്നാണ് രാജേഷ് ചുറ്റികകൊണ്ട് അടിച്ചതെന്നു പോലീസ് പറഞ്ഞു.
രാജേഷ് ഇലക്ട്രീഷനാണ്. ഇവരുടെ മകനെ പോലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. കുട്ടിയെ മൂന്നു മാസത്തേക്കു അമ്മയുടെ സംരക്ഷണയിൽ വിട്ടതായി പോലീസ് പറഞ്ഞു.