ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ പിടിമുറക്കിയതോടെ ഇന്ത്യൻ പൗരന്മാരോടു മടങ്ങാൻ നിർദേശം.
ഇന്ത്യയിൽനിന്നുള്ള വിമാന സർവീസ് നിലയ്ക്കുന്നതിനു മുന്പ് രാജ്യത്തു മടങ്ങിയെത്താനാണു നിർദേശം നല്കിയിരിക്കുന്നത്.
അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കന്പനികളിലെ ഇന്ത്യക്കാരായ തൊഴിലാളികളെ ഉടൻ മടക്കി അയയ്ക്കാൻ കാബൂളിലെ ഇന്ത്യൻ എംബസി നിർദേശിച്ചിട്ടുണ്ട്. ആയിരത്തഞ്ഞൂറോളം ഇന്ത്യക്കാരാണ് അഫ്ഗാനിസ്ഥാനിലുള്ളത്.
അഫ്ഗാനിസ്ഥാനിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരും വിദേശ കന്പനികളിലെ ഇന്ത്യക്കാരായ ജീവനക്കാരും തങ്ങളെ ഉടൻ നാട്ടിലെത്തിക്കാൻ കന്പനി അധികൃതരോട് ആവശ്യപ്പെടണമെന്നും ഇന്ത്യൻ എംബസി നിർദേശിച്ചു.
അഫ്ഗാനിസ്ഥാന്റെ വിവിധ മേഖലകളിൽ രൂക്ഷമായ യുദ്ധം നടക്കുകയാണ്. വിവിധ പ്രവിശ്യകളിലേക്കും നഗരങ്ങളിലേക്കുമുള്ള വിമാന സർവീസ് അധികം വൈകാതെ നിർത്തിവയ്ക്കുമെന്നാണു സൂചന.
അഫ്ഗാനിസ്ഥാനിൽൽ സന്ദർശനം നടത്തുന്നവരും താമസിക്കുന്നവരും ജോലി ചെയ്യുന്നവരും വിമാനയാത്ര സൗകര്യത്തെക്കുറിച്ചുള്ള വിവരങ്ങൾ മനസിലാക്കി എത്രയും പെട്ടെന്നു രാജ്യത്തെത്താൻ ശ്രമിക്കണമെന്നാണു നിർദേശം.
വടക്കൻ അഫ്ഗാൻ നഗരമായ മസാർ-ഇ-ഷെരീഫിൽ താലിബാന്റെ ആക്രമണം രൂക്ഷമായതോടെ അവിടത്തെ കോൺസുലേറ്റിൽനിന്നു നയതന്ത്രജ്ഞരും ജീവനക്കാരും ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരെ ഇന്ത്യ ഒഴിപ്പിച്ചു തുടങ്ങി.
മസാർ-ഇ-ഷരീഫിൽനിന്നുള്ള പ്രത്യേക വിമാനം ന്യൂഡൽഹിയിലേക്കു തിരിച്ചു. വടക്കൻ അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ നഗരമാണ് മസാർ-ഇ-ഷരീഫ്.
ഇന്ത്യയിൽനിന്നെത്തുന്ന മാധ്യമപ്രവർത്തകരോടു കാബൂളിലെ ഇന്ത്യൻ എംബസി സുരക്ഷാ വിഭാഗവുമായി ബന്ധപ്പെടാൻ നിർദേശമുണ്ട്.
മാധ്യമപ്രവർത്തകർ എങ്ങോട്ടു യാത്ര ചെയ്യുന്നുവെന്ന കാര്യവും എംബസി അധികൃതരെ അറിയിക്കണം.
കഴിഞ്ഞ മാസം കാണ്ഡഹാറിലെ കോൺസുലേറ്റിൽനിന്ന് ജീവനക്കാരെ ഇന്ത്യ ഒഴിപ്പിച്ചിരുന്നു. നിലവിൽ താലിബാൻ നിയന്ത്രണത്തിലാണ് കാണ്ഡഹാർ.
വടക്കൻ പ്രവിശ്യയായ സമാൻഗാന്റെ തലസ്ഥാനമായ ഐബക് താലിബാൻ തിങ്കളാഴ്ച പിടിച്ചെടുത്തിരുന്നു. നാലു ദിവസത്തിനിടെ താലിബാൻ ഭീകരർ പിടിച്ചെടുത്ത ആറാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് ഐബക്.
കുണ്ഡൂസ്, ടഖർ, ജെസ്ജാൻ, സറി പുൽ, നിമ്രോസ് എന്നീ നഗരങ്ങളും പ്രവിശ്യകളും താലിബാൻ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്.
ഹെരാത്, കാണ്ഡഹാർ, ഹെൽമന്ദ് എന്നിവിടങ്ങളിൽ സർക്കാർ സൈന്യവും താലിബാൻ ഭീകരരും തമ്മിൽ പൊരിഞ്ഞ പോരാട്ടം നടക്കുകയാണ്.
താലിബാൻ ആക്രമണം രൂക്ഷമായതിനു പിന്നാലെ പതിനായിരങ്ങളാണു വീടുവിട്ട് പലായനം ചെയ്യുന്നത്. താലിബാൻ ആക്രമണം തടയാൻ അഫ്ഗാൻ ഗവണ്മെന്റ് ഇന്ത്യൻ വ്യോമസേനയുടെ സഹായം തേടിയതായി റിപ്പോർട്ടുണ്ട്.