ബാങ്കോക്ക് :തായ്ലൻഡിലെ ഗുഹാസമുച്ചയത്തിൽ കഴിയുന്ന 12 കുട്ടികളും കോച്ചും എഴുതിയ കത്തുകൾ തായ് സൈന്യം ഇന്നലെ ഫേസ്ബുക്കിൽ പ്രസിദ്ധപ്പെടുത്തി. ഡാഡിയും മമ്മിയും പേടിക്കേണ്ടെന്നും തങ്ങൾ സുരക്ഷിതരാണെന്നും കത്തുകളിൽ പറഞ്ഞു.
ഫ്രൈഡ് ചിക്കൻ വേണമെന്ന് ഒരു കുട്ടി ആവശ്യപ്പെട്ടു. ഒത്തിരി ഗൃഹപാഠം തരരുതെന്നാണ് ടീച്ചറോട് ഒരു കുട്ടിക്കു പറയാനുള്ളത്. കുട്ടികൾ ഗുഹയിൽ അകപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു അവരുടെ മാതാപിതാക്കളോടു ക്ഷമ ചോദിക്കുന്ന കോച്ചിന്റെ കത്തുമുണ്ട്. കുട്ടികളിൽനിന്നു കുടുംബാംഗങ്ങൾക്കു ലഭിക്കുന്ന ആദ്യ സന്ദേശമാണിത്.
ഡാഡ്, മം പേടിക്കേണ്ട. എനിക്കു കുഴപ്പമില്ല. കുറച്ചു ചിക്കൻ ഫ്രൈ ചെയ്ത് കൊണ്ടുവരണം-പതിനൊന്നുകാരൻ ചാനിന്റെ കത്തിൽ പറഞ്ഞു. ഗുഹയിൽ അകപ്പെട്ട കുട്ടികളിൽ ഏറ്റവും പ്രായംകുറഞ്ഞയാളാണ് ചാനിൻ. പ്രിയ മമ്മി, ഡാഡി ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ആകുലത വേണ്ട. ഞാൻ സുരക്ഷിതനാണ്.-13കാരനായ സോംപോംഗ് എഴുതി.
വല്യപ്പനെയും മമ്മിയെയും ഡാഡിയെയും അങ്കിളിനെയും സഹോദരങ്ങളെയും സ്നേഹാന്വേഷണങ്ങൾ അറിയിക്കുന്ന കത്താണു 13കാരൻ പനുമാസിന്റേത്. 13കാരനായ ഡുവാംഗ്പെച്ച് തന്റെ ജന്മദിനാഘോഷം കേമമായി നടത്തണമെന്നു മാതാപിതാക്കളെ ഒാർമിപ്പിച്ചു. കഴിഞ്ഞദിവസമായിരുന്നു ഡുവാംഗ്പെച്ചിന്റെ ജന്മദിനം. അന്നു മുറിക്കാനിരുന്ന കേക്ക് ഭദ്രമായി ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുണ്ടെന്നു മാതാപിതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
വടക്കൻ തായ്ലൻഡിലെ ഗുഹാസമുച്ചയത്തിൽ അകപ്പെട്ട കുട്ടികളെ പത്തുദിവസത്തിനുശേഷം കഴിഞ്ഞ തിങ്കളാഴ്ചയാണു ബ്രിട്ടീഷ് മുങ്ങൽ വിദഗ്ധർ കണ്ടെത്തിയത്. ഗുഹാമുഖത്തുനിന്ന് നാലു കിലോമീറ്റർ ഉള്ളിൽ ഒരു പാറയിലാണ് ഇപ്പോൾ കുട്ടികൾ ഉള്ളത്. മെഡിക്കൽ ടീമും മുങ്ങൽ വിദഗ്ധരും ഇവരോടൊപ്പമുണ്ട്.
മല തുരന്ന് രക്ഷാശ്രമം
ബാങ്കോക്ക്: തായ് ഗുഹയിൽ അകപ്പെട്ട കുട്ടികളെ രക്ഷിക്കുന്നതിനുള്ള സമയം അതിക്രമിക്കുകയാണെന്ന തിരിച്ചറിവിനെത്തുടർന്നു രക്ഷാപ്രവർത്തനം ഊർജിതമാക്കി. മല തുരന്ന് കുട്ടികളുടെ അടുത്തെത്താനുള്ള നീക്കത്തിന്റെ ഭാഗമായി നൂറിലധികം ദ്വാരങ്ങൾ ഡ്രിൽ ചെയ്തു.
ചില ദ്വാരങ്ങൾ 400 മീറ്റർ ആഴത്തിലെത്തി. കുട്ടികൾ ഉള്ളത് ഭൂനിരപ്പിൽ നിന്ന് 600 മീറ്റർ താഴെയാണ്. ഇപ്പോൾ ജലനിരപ്പ് അല്പം കുറഞ്ഞെങ്കിലും രണ്ടു ദിവസത്തിനകം ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണു പ്രവചനം. മഴ പെയ്ത് ജലനിരപ്പ് ഉയർന്നാൽ രക്ഷാപ്രവർത്തനം ദുഷ്കരമാവും.
ഗുഹയിൽ പ്രാണവായു കുറയുകയാണ്. കഴിഞ്ഞദിവസം രക്ഷാപ്രവർത്തകൻ സമൻ പ്രാണവായു കിട്ടാതെ മരിച്ചു. ഗുഹയിലേക്ക് ശുദ്ധവായു പന്പു ചെയ്യാൻ ശ്രമം നടത്തുകയാണെന്ന് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്ന നരോംഗ്സാക് ഓസോട്ടോൻകോൺ പറഞ്ഞു.