ബാങ്കോക്ക്: മണ്‍സൂണ്‍ തുടങ്ങുന്നതിനുമുന്പ് ഗുഹയിൽ കുടുങ്ങിയ കുട്ടികളെ പുറത്തെടുക്കാനുള്ള തായ്ലൻഡ് രക്ഷാപ്രവർത്തകരുടെ ശ്രമങ്ങൾക്ക് തിരിച്ചടി. നാളെ മണ്‍സൂണ്‍ തുടങ്ങുമെന്ന് കാലാവസ്ഥാ പ്രവചനങ്ങൾ നിലനിൽക്കേ മഴയ്ക്കുമുന്പേ കുട്ടികളെ പുറത്തിറക്കാനാവില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അങ്ങനെ വന്നാൽ ഫുട്ബോൾ ടീമിലെ അംഗങ്ങളായ 12 കുട്ടികളും അവരുടെ കോച്ചും മാസങ്ങളോളം ഗുഹയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കാനാണ് സാധ്യത.
ഇന്നലെ രാത്രി നിറുത്തിവച്ച രക്ഷാപ്രവർത്തനങ്ങൾ നാളത്തെ കാലാവസ്ഥകൂടി മാത്രം പരിഗണിച്ചെ പുനഃരാരംഭിക്കു. കുട്ടികളെ പൂർണമായും സുരക്ഷിതരായി പുറത്തെത്തിക്കാനാകും എന്ന് ഉറപ്പാക്കിയാൽ മാത്രമെ അവരെ പുറത്തെത്തിക്കാനുള്ള നടപടികൾ തുടങ്ങുകയുള്ളു എന്ന്് അധികൃതർ അറിയിച്ചു.
ഗുഹയിൽ കുടുങ്ങിയ കുട്ടികളുടെ മാതാപിതാക്കൾ അവർക്കായി എഴുതിയ കത്തുകൾ രക്ഷാപ്രവർത്തകർ കുട്ടികൾക്ക് എത്തിച്ചുനൽകി. ഗുഹയ്ക്കുള്ളിൽ ഓക്സിജന്റെ അളവ് കുറയുന്നത് രക്ഷാപ്രവർത്തനം നിറുത്തിവയ്ക്കുന്നതിന് കാരണമായി. കുട്ടികൾ ഇരിക്കുന്ന ഭാഗത്തേക്ക് ഓക്സിജൻ എത്തിക്കാനുള്ള പൈപ്പിന്റെ നിർമാണം പുരോഗമിക്കുകയാണ്
ഇന്നലെ ഗുഹയ്ക്കുള്ളിൽ ഓക്സിജൻ കിട്ടാതെ ഒരു രക്ഷാപ്രവർത്തകൻ മരിച്ചിരുന്നു.പരിചയസന്പന്നനായ മുങ്ങൽ വിദഗ്ധന്റെ മരണം രക്ഷാപ്രവർത്തനത്തിന്റെ കഠിനതയും അപായസാധ്യതയും വ്യക്തമാക്കുന്നതാണ്. എന്നിരുന്നാലും രക്ഷാപ്രവർത്തനം നിർത്തിവയ്ക്കില്ലെന്ന് തായ് നേവി അറിയിച്ചു. സമയം അതിക്രമിക്കുകയാണെന്നും കുട്ടികളെ അധികനാൾ ഗുഹയിൽ തുടരാൻ വിടുന്നത് അപകടകരമാണെന്നും രക്ഷാപ്രവർത്തകർക്കു ബോധ്യമുണ്ട്.
നേവിയിൽനിന്നു വിരമിച്ച സമാൻ ഗുണാൻ കുട്ടികൾ ഗുഹയിൽ കുടുങ്ങിയവിവരം അറിഞ്ഞ് സ്വയം രക്ഷാപ്രവർത്തനത്തിന് എത്തിയതാണ്. ഇന്നലെ കുട്ടികൾ ഉള്ള സ്ഥലത്ത് ഓക്സിജൻ ടാങ്കുകൾ എത്തിച്ചശേഷം മടങ്ങവേ അദ്ദേഹം ബോധരഹിതനാകുകയായിരുന്നു.
അദ്ദേഹത്തിന് ആവശ്യത്തിന് ഓക്സിജൻ ഇല്ലായിരുന്നുവെന്നാണ് തായ് നേവി അറിയിച്ചത്. പരിചയസന്പന്നനായ മുങ്ങൽ വിദഗ്ധനുപോലും അതിജീവിക്കാൻ കഴിയാത്ത സാഹചര്യങ്ങളെ മറികടന്ന് 11നും 16നും ഇടയിൽ പ്രായമുള്ള കുട്ടികളെ എങ്ങനെ ഗുഹയ്ക്കു പുറത്തെത്തിക്കുമെന്നു മാധ്യമപ്രവർത്തകർ ചോദിച്ചു. കുട്ടികളുടെ കാര്യത്തിൽ കൂടുതൽ മുൻകരുതലെടുക്കുമെന്ന് അഡ്മിറൽ മറുപടി നല്കി.
ഗുഹയ്ക്കുള്ളിൽ ഓക്സിജൻ കുറയുന്നതാണ് രക്ഷാപ്രവർത്തകരെ ഇപ്പോൾ വലയ്ക്കുന്നത്. സാധാരണ 20 ശതമാനമാണ് ഗുഹയ്ക്കുള്ളിലെ ഓക്സിജന്റെ അളവ്. വൈദ്യസംഘവും കൗൺസിലർമാരും രക്ഷാപ്രവർത്തകരുംകൂടി ഗുഹയ്ക്കുള്ളിലെത്തിയതോടെ 15 ശതമാനായി താണു. ഗുഹയ്ക്കുള്ളിലേക്ക് നേരിട്ട് ഓക്സിജൻ കടത്തിവിടാൻ അഞ്ചു കിലോമീറ്റർ നീളമുള്ള കേബിൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് രക്ഷാപ്രവർത്തകർ.
രക്ഷാപ്രവർത്തകന്റെ മരണവിവരം കുട്ടികളെ അറിയിച്ചിട്ടില്ല. കുട്ടികളുടെ മാനസികധൈര്യം ചോരാതെ നോക്കേണ്ടത് രക്ഷാപ്രവർത്തനത്തിന്റെ വിജയത്തിന് അത്യാവശ്യമാണ്. ജൂൺ 23നു ഗുഹയിൽ കുടുങ്ങിയ സംഘം പ്രവേശനകവാടത്തിൽനിന്ന് നാലു കിലോമീറ്റർ ഉള്ളിലാണുള്ളത്. ഇവർക്ക് കുടുംബങ്ങളുമായി ബന്ധപ്പെടാൻ ഓപ്റ്റിക് ഫൈബർ കേബിൾ സ്ഥാപിച്ചുവരികയാണ്.