ഫുട്ബോൾ ടീമിലെ പന്ത്രണ്ട് കുട്ടികളും ഒരു കോച്ചും തായ്ലൻഡിലെ ഗുഹയിൽ കുടുങ്ങിയത് ഞെട്ടലോടെയാണ് ലോകം വായിച്ചറിഞ്ഞത്.
ഒരുതരി വെളിച്ചം പോലും കടന്നു വരാത്ത ചെളിയും വെള്ളവും നിറഞ്ഞ ആ ഗുഹയിൽ നിന്നും സാഹസികമായി അവരെ പുറത്തെത്തിച്ച രക്ഷാപ്രവർത്തകരെ അഭിനന്ദനങ്ങൾ കൊണ്ട് പൊതിയുകയാണ് ലോകം. ഇപ്പോഴിതാ ഈ അപകടം സിനിമയാകുകയാണ്.
ഹോളിവുഡ് സിനിമ നിർമാണ കമ്പനിയായ പ്യൂവർ ഫ്ലിക്സിന്റെ ഉടമ മൈക്കൽ സ്കോട്ടാണ് കുട്ടികൾ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ ദിനങ്ങളെ ബിഗ് സ്ക്രീനിലേക്ക് എത്തിക്കുന്നത്. മൈക്കൽ സ്കോട്ടും സംഘും തായ്ലൻഡിലെ ഈ ഗുഹയിൽ എത്തിയിരുന്നു.
മാത്രമല്ല ആദ്യഘട്ടമെന്നോണം കുട്ടികളുടെ ബന്ധുക്കളുടെയും രക്ഷാപ്രവർത്തകരുടെയും അനുഭവങ്ങൾ പകർത്തുകയും ചെയ്തിരുന്നു. ഗുഹയ്ക്കുള്ളിലെ രംഗങ്ങൾ പ്രമുഖ താരങ്ങളെ വെച്ച് പിന്നീട് ചിത്രീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ലോകജനതയെ മുഴുവൻ അമ്പരപ്പിച്ച ഈ സംഭവം ബിഗ് സ്ക്രീനിൽ കാണുമ്പോൾ സിനിമാ പ്രേമികളെ ഞെട്ടിപ്പിക്കുമെന്ന് സംശയം വേണ്ട.