ചെറുതോണി: വിദേശ വിനോദയാത്ര എന്ന സ്വപ്നം സഫലീകരിച്ച് കർഷകക്കൂട്ടായ്മയിലെ അംഗങ്ങൾ. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കാമാക്ഷി പഞ്ചായത്തിലെ കാൽവരിമൗണ്ടിൽനിന്നുള്ള കൈരളി, ഗ്രീൻ മൗണ്ട്, സാരഥി എന്നീ എസ്എച്ച്ജികളിലെ 70 അംഗങ്ങളാണ് കുടുംബസമേതം തായ്ലൻഡിലേക്ക് പറന്നത് .
കേരളത്തിൽനിന്നു ആദ്യമായിട്ടാണ് കർഷകസംഘങ്ങളുടെ നേതൃത്വത്തിൽ ഇത്രയധികം ആളുകൾ ഒരുമിച്ച് വിദേശയാത്ര നടത്തുന്നത്. കഴിഞ്ഞ നാലു വർഷങ്ങളിലായി സ്വരുക്കൂട്ടിയ പണം ഉപയോഗിച്ചാണ് സാധാരണക്കാരായ ചെറുകിട കർഷകരും തൊഴിലാളികളും അടങ്ങുന്ന സംഘം യാത്രയ്ക്ക് തയാറെടുത്തത്.
12 വയസ്സുകാരൻ നിവിൻ നോബിൾ മുതൽ 80 വയസ്സുള്ള ജോസഫും 76 കാരി മേരിക്കുട്ടിയും അടക്കമുള്ളവരാണ് ടൂർ നടത്തിയത്. ചെറുതോണി കേന്ദ്രമായി പ്രവർത്തിക്കുന്ന ബ്രൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ് ആണ് ഇവർക്ക് യാത്രയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കിയത്.
75ൽ അധികം പേർ ചെറിയ തുകകൾ എല്ലാ മാസങ്ങളിലും സംഘത്തിൽ ഏൽപ്പിക്കുകയാ യിരുന്നു.
പാസ്പോർട്ട് എടുക്കുന്നതിന്റെ ഉത്തരവാദിത്വവും സംഘം നേതാക്കൾ ഏറ്റെടുത്തു. അഞ്ചുപേർക്ക് മതിയായ രേഖകൾ ഇല്ലാത്തതിനാൽ പാസ്പോർട്ട് കിട്ടാതെ യാത്ര മുടങ്ങുകയും ചെയ്തു.തായ്ലൻഡിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ടൈഗർ പാർക്ക്, സഫാരി വേൾഡ്, മറൈൻ പാർക്ക്, നോങ് നൂച്ച് വില്ലേജ്, കോറൽ ഐസ്ലാൻഡ്, ഫ്ലോട്ടിംഗ് മാർക്കറ്റ്, ജെംസ് ഗാലറി തുടങ്ങി നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു.
കടലിനടിയിൽ പോയി വിവിധതരത്തിലുള്ള മീനുകളെയും ജീവികളെയും കാണാൻ സാധിച്ചതും പാരാഗ്ലൈഡിംഗ് അടക്കമുള്ള റൈഡുകളിൽ കയറിയതും എല്ലാം ഏറെ പേടിയോടെ ആയിരുന്നെങ്കിലും ഇപ്പോൾ അത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളായിരുന്നെന്ന് സംഘാംഗൾ പറയുന്നു.
ഡോൾഫിൻ ഷോ, എലിഫന്റ് ഷോ തുടങ്ങി നിരവധി പരിപാടികൾ അദ്ഭുതത്തോടെയാണ് സംഘങ്ങൾ വീക്ഷിച്ചത്. മുതലയിറച്ചി ഉൾപ്പെടെ നിരവധി തായി ഭക്ഷണങ്ങളും കഴിച്ചും തായി മസാജും ചെയ്തുമാണ് സംഘം മടങ്ങിയത്.സംഘം നേതാക്കളായ സിബി ഫിലിപ്പ്, സോബിച്ചൻ മാത്യു, ടി.ഡി. വിനോദ്, ടോമി മാത്യു, സെബാസ്റ്റ്യൻ തോമസ്, ബെന്നി മാത്യു, നോബി മാത്യു എന്നിവരാണ് ടൂറിന് നേതൃത്വം നൽകിയത്.