ന്യൂഡല്‍ഹി: 2027 ആകുമ്പോഴേയ്ക്കും രാജ്യത്തെ എല്ലാ ട്രെയിന്‍ യാത്രക്കാര്‍ക്കും സീറ്റ് ഉറപ്പാക്കാൻ റെയില്‍വേയുടെ നീക്കം. ദീപാവലിയോട് അനുബന്ധിച്ച് തിങ്ങിനിറഞ്ഞ റെയില്‍വേ പ്ലാറ്റ്ഫോമിന്റെയും ട്രെയിനുകളുടെയും ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുകയും ഏറെ വിമര്‍ശനങ്ങൾ ഉയരുകയും ചെയ്തതിനു പിന്നാലെയാണ് റെയില്‍വേ ഇത്തരത്തിലുള്ള നീക്കത്തെക്കുറിച്ചു സൂചിപ്പിക്കുന്നത്.
ബിഹാറില്‍ ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ 40കാരന് മരിച്ച സംഭവവും റെയില്‍വേയ്ക്കെതിരേ വ്യാപക വിമര്‍ശനത്തിന് കാരണമായിയുന്നു.
പ്രതിദിനം 10,748 ട്രെയിൻ സർവീസുകളാണ് രാജ്യത്തുള്ളത്. ഇത് 13,000 ആയി ഉയര്‍ത്തുകയാണു ലക്ഷ്യമെന്നും റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു.
രാജ്യത്തെ പാസഞ്ചര്‍ കപ്പാസിറ്റി എന്നത് നിലവില്‍ പ്രതിവര്‍ഷം 800 കോടി യാത്രക്കാരാണ്. ഇത് 1,000 കോടിയായി ഉയര്‍ത്തും. പ്രതിവര്‍ഷം 4,000 മുതല്‍ 5,000 കിലോമീറ്റര്‍ വരെ ദൂരം പുതിയ ട്രാക്കുകള്‍ ഒരുക്കാനും നീക്കമുണ്ട്.